ഓവർസീസ് വരുമാനത്തിന്‍റെ പ്രധാന സ്രോതസായ ഗൾഫ് മേഖലയിലെ പ്രതിസന്ധി വലിയ ചിത്രങ്ങളുടെ റിലീസ് തീയതികളെ ബാധിച്ചേക്കാം
പശ്ചിമേഷ്യന്‍ സംഘര്‍ഷം മലയാള സിനിമയിലും ആശങ്ക സൃഷ്ടിക്കുന്നു. മലയാള സിനിമയുടെ ഓവര്‍സീസ് വരുമാനത്തില്‍ ഒരു പ്രധാന പങ്ക് ഗള്‍ഫ് മേഖലയില്‍ നിന്നായതിനാല്‍ പ്രഖ്യാപിച്ച റിലീസ് തീയതികളില്‍ വലിയ ചിത്രങ്ങള്‍ എത്തുന്നതില്‍ അനിശ്ചിതത്വമുണ്ട്. യുഎസിലേക്കും യൂറോപ്പിലേക്കുമൊക്കെ മലയാള സിനിമ വിപണി വര്‍ധിപ്പിക്കുന്നതിനൊക്കെ മുന്‍പേ ആദ്യം മുതലുള്ള ഓവര്‍സീസ് മാര്‍ക്കറ്റ് ആയിരുന്നു ജിസിസി. സമീപവര്‍ഷങ്ങളില്‍ ഇവിടെ തിയറ്ററുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. മലയാളി പ്രവാസികളുടെ വലിയ സമൂഹമുള്ള ജിസിസി രാജ്യങ്ങളില്‍ മലയാള സിനിമകള്‍ കാണാനും വലിയ പ്രേക്ഷകവൃന്ദം എത്താറുണ്ട്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണവും അവിടെ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. മലയാള സിനിമകളുടെ ഓവര്‍സീസ് കളക്ഷനില്‍ വലിയ കുതിപ്പാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. അതില്‍ ഒരു പ്രധാന പങ്കും വരുന്നത് ഗള്‍ഫില്‍ നിന്നാണ്.
വലിയ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന ഒരു മലയാള സിനിമയ്ക്ക് ഇന്ന് കേരളത്തില്‍ ലഭിക്കുന്നതിന് സമാനമായ കളക്ഷന്‍ വിദേശത്ത് നിന്ന് ലഭിക്കാറുണ്ട്. അതില്‍ ഏറ്റവും വലിയ മാര്‍ക്കറ്റ് ജിസിസിയുമാണ്. അതിന് ശേഷം യുഎസ്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ ആക്രമണവും ഇറാന്‍ ജിസിസി രാജ്യങ്ങളില്‍ നടത്തിയ പ്രത്യാക്രമണവും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത് ഒരു പാന്‍ ഇന്ത്യന്‍ ചിത്രം ഇതിനകം റിലീസ് മാറ്റിയിട്ടുണ്ട്. കെജിഎഫ് താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് ആണ് റിലീസ് നീട്ടിയത്. ഈ മാസം 19 ന് എത്തേണ്ടിയിരുന്ന ചിത്രം ജൂണ്‍ നാലിലേക്ക് മാറ്റിയിരുന്നു.
പെരുന്നാള്‍ റിലീസോടെ ആരംഭിക്കുന്നത് മലയാള സിനിമുടെ ഒരു വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട റിലീസിംഗ് സീസണുകളില്‍ ഒന്നാണ്. വേനലവധിക്കാലവും വിഷുവുമൊക്കെ അതില്‍ ഉള്‍പ്പെടും. ഈ സീസണ്‍ മുന്‍കൂട്ടി കണ്ട് പല വലിയ ചിത്രങ്ങളും റിലീസ് പ്ലാന്‍ ചെയ്തിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ ജയസൂര്യ ചിത്രം ആട് 3, ബി ഉണ്ണികൃഷ്ണന്‍റെ നിവിന്‍ പോളി ചിത്രം പ്രതിഛായ എന്നിവയാണ് ഈ മാസം തിയറ്ററുകളില്‍ എത്തേണ്ട പ്രധാന മലയാള സിനിമകള്‍. ഗള്‍ഫ് ഒഴിവാക്കിയുള്ള ഒരു റിലീസ് കളക്ഷനിലെ വലിയ സാധ്യത ഇടിക്കും എന്നതിനാല്‍ നിര്‍മ്മാതാക്കള്‍ അതിന് തയ്യാറാവാന്‍ ഇടയില്ല. വരും ദിനങ്ങളില്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ചാവും നിര്‍മ്മാതാക്കള്‍ തീരുമാനം എടുക്കുക. മാര്‍ച്ച് മാസത്തിലെ റിലീസുകള്‍ വൈകിയാല്‍ ഏപ്രിലില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന റിലീസുകളെയും അത് ദോഷകരമായി ബാധിച്ചേക്കും. ഭാഷാഭേദമന്യെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദൃശ്യം 3, മോഹന്‍ലാലും മമ്മൂട്ടിയും ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് അടക്കമുള്ള ചിത്രങ്ങള്‍ ഏപ്രില്‍ റിലീസുകളായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഏതായാലും ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും നിര്‍മ്മാതാക്കളില്‍ നിന്ന് ഇതുവരെ പുറത്തെത്തിയിട്ടില്ല.
