പ്രേക്ഷകര്‍ ഏറ്റെടുത്ത ക്രൈം ത്രില്ലര്‍ ചിത്രം 'അഞ്ചാം പാതിരാ'യ്ക്കുശേഷം അതേ ടീമിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 'ആറാം പാതിരാ' എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ചിത്രം 'അഞ്ചാം പാതിരാ'യുടെ തുടര്‍ച്ചയല്ല. മറിച്ച് 'അഞ്ചാം പാതിരാ'യില്‍ കുഞ്ചാക്കോ ബോബന്‍' അവതരിപ്പിച്ച അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്‍റെ പുതിയൊരു കേസ് അന്വേഷണമാണ് ചിത്രം. അതല്ലാതെ അഞ്ചാം പാതിരായുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല. ടൈറ്റില്‍ പോസ്റ്റര്‍ അടക്കമാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം.

"അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക്  കാലെടുത്ത് വെക്കുന്നു..!! ഒരു പുതിയ കേസ്, ഒരു പുതിയ നിഗൂഢതയുടെ ചുരുള്‍ അഴിയുന്നു..!! ആറാം പാതിരാ. ഈ ത്രില്ലര്‍ രൂപപ്പെടുന്നതിന് സാക്ഷിയാവുന്നതില്‍ ഏറെ ആവേശമുണ്ട്", ടൈറ്റില്‍ പോസ്റ്ററിനൊപ്പം മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബനും 'അഞ്ചാം പാതിരാ' നിര്‍മ്മാതാവ് ആഷിക് ഉസ്മാനുമൊപ്പം ഒരു പുതിയ ത്രില്ലര്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് മിഥുന്‍ മാനുവല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. 'അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്' എന്നു മാത്രമായിരുന്നു ചാക്കോച്ചനും ആഷിക് ഉസ്മാനുമൊപ്പമുള്ള ചിത്രത്തിന്‍റെ കൂടെ മിഥുന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വരാനിരിക്കുന്നത് അഞ്ചാം പാതിരായുടെ രണ്ടാംഭാഗം ആയിരിക്കാമെന്ന് ആരാധകര്‍ക്കിടയില്‍ അന്ന് ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ നായക കഥാപാത്രം ആവര്‍ത്തിക്കുന്നു എന്നതല്ലാതെ മുന്‍ചിത്രവുമായി പുതിയ സിനിമയ്ക്ക് ബന്ധമൊന്നുമില്ലെന്നാണ് അണിയറക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

 

ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് ഷൈജു ശ്രീധരന്‍. പ്രൊമോ സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പരസ്യകല ഓള്‍ഡ് മോങ്ക്സ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ അഗസ്റ്റിന്‍, സുജിന്‍ സുജാതന്‍. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ആക്ഷന്‍ സുപ്രീം സുന്ദര്‍. പിആര്‍ഒ എ എസ് ദിനേശ്.

അതേസമയം അഞ്ചാം പാതിരായുടെ ബോളിവുഡ് റീമേക്കും വരാനിരിക്കുന്നുണ്ട്. ഈ ചിത്രവും സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, എപി ഇന്‍റര്‍നാഷണല്‍, മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് റീമേക്കിന്‍റെ നിര്‍മ്മാണം. തിരുവോണദിനത്തിലാണ് ഈ പ്രോജക്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.