റെഡ് സോണില്‍ പെടാത്ത കേരളത്തിലെ ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി അയയ്ക്കുകയാണ് ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍. എന്നാല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ച ആദ്യദിനത്തില്‍ത്തന്നെ തലസ്ഥാനത്തുള്‍പ്പെടെ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെടുമ്പോള്‍ പോലും പുലര്‍ത്തേണ്ട മുന്‍കരുതലിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഒരു നൂറ്റാണ്ട് മുന്‍പ് സ്പാനിഷ് ഫ്ളൂവിന്‍റെ കാലത്ത് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് മാതൃകയായ യുഎസിലെ സാന്‍ ഫ്രാന്‍സിസ്‍കോ നഗരത്തെക്കുറിച്ചും പിന്നാലെ അവിടുത്തെ ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച അമിത ആത്മവിശ്വാസത്തെക്കുറിച്ചും അത് അവര്‍ക്കു തന്നെ വിനയായതിനെക്കുറിച്ചും മിഥുന്‍ പറയുന്നു.

മിഥുന്‍ മാനുവല്‍ തോമസിന്‍റെ കുറിപ്പ്

1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ക് ഡൗണ്‍ പ്രതിരോധ നടപടികൾ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു സാന്‍ ഫ്രാന്‍സിസ്‍കോ പോലും. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോൾ ലോക്ക് ഡൗൺ, മാസ്‍ക് എന്നിവ അടക്കമുള്ള മുൻകരുതലുകൾ തിടുക്കത്തിൽ പിൻവലിക്കപ്പെട്ടു (ഇതിനു വേണ്ടി സമരങ്ങൾ പോലും നടന്നു). ജനങ്ങൾ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, അക്കാലത്തു ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നായി സാൻ ഫ്രാൻസിസ്‌കോ മാറുകയും ചെയ്തു.. !! 

P.S:വെറുതെ ഗൂഗിൾ വഴി മഹാമാരിയുടെ ചരിത്രം പരത്തുന്നതിനിടയിൽ ബിസിനസ്‌ ഇൻസൈഡറിൽ കണ്ട വാർത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്നു മാത്രം.