കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെ പിണറായിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

പാരമ്പര്യത്തിന്റെയും ജാതിയുടെയും പേരിലാണ് വിമര്‍ശനം നടക്കുന്നത്. മുഖ്യമന്ത്രിയും മുല്ലപ്പള്ളിയും തമ്മിലുള്ള വാഗ്വാദം പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നല്ല ചെത്ത് ഭരണം തന്നെയാണ് പിണറായി സര്‍ക്കാരിന്റേതെന്നും ചിരിയും നല്ലചെത്താണെന്നും മിഥുന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

പാരമ്പര്യവും തറവാടിത്തവും ജന്‍മ പുണ്യമാണ്. അന്തസ്സും ആത്മാര്‍ത്ഥതയും കര്‍മ്മ സഫലമാണ്. ഇതൊന്നും തൊട്ടു തീണ്ടിയില്ലാത്തവര്‍ക്ക് പിണറായിയുടേത് പോലെ ഭീരുക്കളുടെ സ്വരമായിരിക്കുമെന്നാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷഹനാസ് പാലക്കല്‍ കുറിച്ചത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയാവുകയും മുഖ്യമന്ത്രി, തന്റെ പിതാവ് ചെത്തുകാരനാണെന്ന് പറയുന്ന പഴയ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മിഥുന്‍ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.