സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തെത്തിയ പോസ്റ്ററില്‍ ജയറാം

യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അബ്രഹാം ഓസ്‍ലര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തെത്തിയ പോസ്റ്ററില്‍ ജയറാം. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‍ലറും ത്രില്ലര്‍ ആണ്. ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ് ബി കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ്.

2019 ന് ശേഷം മലയാളത്തില്‍ ഏറെ ശ്രദ്ധയോടെയാണ് ജയറാം പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. ഒരു ചിത്രം മാത്രമാണ് മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി പിന്നീട് പുറത്തെത്തിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ ആയിരുന്നു അത്. അതേസമയം ഈ കാലയളവില്‍ പൊന്നിയിന്‍ സെല്‍വനും അല വൈകുണ്ഠപുരമുലോയുമടക്കം ഏഴ് ചിത്രങ്ങള്‍ ഇതരഭാഷകളില്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്തി. മിഥുന്‍ മാനുവല്‍ തോമസിനൊപ്പമുള്ള ചിത്രം പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ജഗദീഷ്, സായ് കുമാര്‍, ആര്യ സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : ടാസ്‍ക് അവസാനിച്ചു; രജിത്ത് കുമാര്‍ ബിഗ് ബോസിന് പുറത്തേക്ക്: വീഡിയോ

'വിവാഹത്തെക്കുറിച്ച് സ്വപ്‍നങ്ങളുണ്ട്, സിനിമയെക്കുറിച്ചും'; അഞ്ജൂസ് റോഷ് സംസാരിക്കുന്നു |Anjuz Rosh