മലയാളത്തിന്‍റെ ബിഗ് സ്ക്രീനിലേക്ക് ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായിരുന്നു ഓസ്‍ലര്‍
മലയാളത്തിലെ യുവനിര സംവിധായകരില്‍ പല ജോണറുകളില്‍പ്പെട്ട ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. ജയറാം നായകനായ, ഒപ്പം മമ്മൂട്ടി അതിഥിവേഷത്തിലുമെത്തിയ അബ്രഹാം ഓസ്‍ലര്‍ ആണ് മിഥുന്‍റേതായി അവസാനം എത്തിയ ചിത്രം. മെഡിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളില്‍ വിജയവുമായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ എന്ന നിലയിലുള്ള കരിയറില്‍ വേറിട്ട വഴിയേ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. കരിയറിലെ ആദ്യ വെബ് സിരീസുമായി എത്താനൊരുങ്ങുകയാണ് മിഥുന്‍.
അണലി എന്ന് പേരിട്ടിരിക്കുന്ന സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലിയോണ ലിഷോയ്‍യും നിഖില വിമലുമാണ്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് സിരീസിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. നേരത്തെ അലമാര എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിന്‍റെ രചയിതാവും ആന്‍മരിയ കലിപ്പിലാണ്, അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ സഹരചയിതാവുമായിരുന്നു ജോണ്‍ മന്ത്രിക്കല്‍.
അതേസമയം മലയാളത്തിന്‍റെ ബിഗ് സ്ക്രീനിലേക്ക് ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായിരുന്നു ഓസ്‍ലര്‍. എസിപി അബ്രഹാം ഓസ്‍ലറായി ജയറാം എത്തിയ ചിത്രത്തില്‍ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, സൈജു കുറുപ്പ്, ആര്യ സലിം, സെന്തില്‍ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, അര്‍ജുന്‍ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്‍ധീര്‍ കൃഷ്ണന്‍റേതായിരുന്നു തിരക്കഥ. തേനി ഈശ്വര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. ജനുവരി 11 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
ALSO READ : അന്ന് 'ജയിലറി'ലെ മാത്യു, ഇന്ന്...; വീണ്ടും ചെന്നൈയില്‍ ഷൂട്ട് ചെയ്യാന്‍ മോഹന്‍ലാല്‍
