മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലെ ആറാം ചിത്രമാണ് അഞ്ചാം പാതിരാ. അദ്ദേഹം ചെയ്യുന്ന ത്രില്ലര്‍ ജോണറിലുള്ള ആദ്യ ചിത്രവും. 

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ത്രില്ലര്‍ ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ആദ്യ ഷോകള്‍ കഴിഞ്ഞതുമുതല്‍ മികച്ച അഭിപ്രായങ്ങളാണ് സിനിമയെ തേടിയെത്തുന്നത്. സോഷ്യല്‍ മീഡിയ സിനിമാ കൂട്ടായ്മകളിലൊക്കെ കണ്ടവര്‍ നല്ല അഭിപ്രായം പറയുന്നു. നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള മിഥുന്‍ മാനുവലില്‍നിന്ന് ലഭിച്ച സര്‍പ്രൈസ് എന്നാണ് 'അഞ്ചാം പാതിരാ'യെക്കുറിച്ചുള്ള പൊതു വിലയിരുത്തല്‍. എന്നാല്‍ ആദ്യദിനം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരോട് ഒരു അഭ്യര്‍ഥന മുന്നോട്ടുവച്ചിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. 

കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ സ്‌പോയ്‌ലേഴ്‌സ് ഇടരുതെന്ന് അഭ്യര്‍ഥിക്കുന്നു മിഥുന്‍. ഒപ്പം ചിത്രം തീയേറ്ററുകളില്‍ത്തന്നെ കാണാന്‍ ശ്രമിക്കണമെന്നും. 'ദൃശ്യങ്ങള്‍ കൊണ്ടും ശബ്ദവിന്യാസം കൊണ്ടും നല്ല തീയറ്റര്‍ അനുഭവം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്ന സിനിമയാണ്... പ്രേക്ഷകരോട് ഒരു വാക്ക്.. സ്‌പോയിലേര്‍സ് ഇടരുത്.. And also, the film wont come in amazon or netflix.. - So, watch it in theatres itself..', മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലെ ആറാം ചിത്രമാണ് അഞ്ചാം പാതിരാ. അദ്ദേഹം ചെയ്യുന്ന ത്രില്ലര്‍ ജോണറിലുള്ള ആദ്യ ചിത്രവും. സംവിധായകന്റേത് തന്നെയാണ് രചന. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.