ഓം ശാന്തി ഓശാന എന്ന ജൂഡ് ആന്തണി ജോസഫ് ചിത്രത്തിന്‍റെ രചയിതാവായി ആയിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്‍റെ സിനിമാപ്രവേശം. തൊട്ടുപിറ്റേവര്‍ഷം (2015) സംവിധാനം ചെയ്‍ത ആദ്യ സിനിമയുമായി മിഥുന്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തി. 'ആട് ഒരു ഭീകരജീവിയാണ്' ആയിരുന്നു ആ ചിത്രം. പില്‍ക്കാലത്ത് ഒട്ടേറെ ആരാധകരെ നേടിയ ചിത്രം പക്ഷേ തീയേറ്ററുകളില്‍ വേണ്ട ശ്രദ്ധ നേടിയില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മിഥുന്‍റെ സംവിധാനത്തിലെത്തിയ 'ആന്‍മരിയ കലിപ്പിലാണ്' വിജയം നേടി. സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച സാറ അര്‍ജ്ജുന്‍ എന്നിവര്‍ക്കൊപ്പം ദുല്‍ഖറിന്‍റെ ഗസ്റ്റ് അപ്പിയറന്‍സും ചിത്രത്തിന്‍റെ വിജയത്തില്‍ പങ്കുവഹിച്ചു. ഇന്ന് ദുല്‍ഖറിന് പിറന്നാള്‍ ആശംസ നേരുമ്പോള്‍ അവശ്യസമയത്ത് തന്‍റെ കരിയറില്‍ ദുല്‍ഖര്‍ നടത്തിയ ഇടപെടലിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് മിഥുന്‍, ആന്‍മരിയയിലെ ദുല്‍ഖര്‍ കഥാപാത്രത്തിന്‍റെ ചിത്രത്തിനൊപ്പം.

"പൊളിഞ്ഞു പാളീസായി മാനത്തേക്കും നോക്കി നിന്ന ജീവിതത്തിന്‍റെ ഫ്രെയിമിലേക്കാണ് ചെങ്ങായി ചൂളം വിളിച്ച്, കൈത്താങ്ങായി ഓടിക്കയറിയത്.. !! പിറന്നാൾ ആശംസകൾ ദുൽഖർ ബോയ്.. !! You are the man.!!", മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരായാണ് മിഥുന്‍റെ സംവിധാനത്തില്‍ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. മിഥുന്‍റെ സംവിധാനത്തില്‍ ആദ്യമായെത്തിയ ത്രില്ലര്‍ ചിത്രത്തിന് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. സംവിധായകന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറി.