കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്. 

തമിഴ്, മലയാളം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ രാജേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട സഖാവ്, പുലിമട, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലൂടെയും ഐശ്വര്യ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഫോട്ടോഗ്രാഫർ തന്നെ അകത്തേക്ക് കൂട്ടികൊണ്ടുപോയെന്നും ശേഷം അടിവസ്ത്രങ്ങൾ മാറാനായി തന്നുവെന്നും ഐശ്വര്യ രാജേഷ് പറയുന്നു. അയാൾക്ക് തന്റെ ശരീരം കാണാമെന്നും അയാളുടെ മുന്നിൽ വച്ച് മാറണമെന്നുമാണ് അന്ന് പറഞ്ഞതെന്നും ഐശ്വര്യ രാജേഷ് ഓർത്തെടുക്കുന്നു.

"ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫര്‍ അവനോട് പുറത്തിരിക്കാന്‍ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാനായി അടിവസ്ത്രങ്ങള്‍ നല്‍കി. അയാളുടെ മുന്നില്‍ വച്ച് തന്നെ മാറാന്‍ പറഞ്ഞു. എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാള്‍ പറഞ്ഞത്. ആ പ്രായത്തില്‍ എങ്ങനെയാണ് ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല." ഐശ്വര്യ രാജേഷ് പറയുന്നു.

"ഇവിടെ ഇങ്ങനെയാകും എന്നാണ് ഞാന്‍ കരുതിയത്. ഏതാണ്ട് ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍ അഞ്ച് മിനുറ്റ് കൂടി സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് തയ്യാറാകുമായിരുന്നു. പക്ഷെ എനിക്ക് എന്തോ പന്തികേട് തോന്നി. പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു." ഐശ്വര്യ രാജേഷ് കൂട്ടിച്ചേർത്തു. നിഖിൽ വിജയേന്ദ്ര സിംഹയോട് സംസാരിക്കവെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

YouTube video player