ധര്‍മ്മ പ്രൊഡക്ഷന്‍സ്, പുരി കണക്റ്റ്സ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം

ഒരു അന്തര്‍ദേശീയ താരനിര്‍ണ്ണയം കൊണ്ട് അടുത്തിടെ ഇന്ത്യന്‍ സിനിമാലോകത്ത് വലിയ വാര്‍ത്ത സൃഷ്‍ടിച്ച ചിത്രമാണ് വിജയ് ദേവരകൊണ്ട (Vijay Devarakonda) നായകനാവുന്ന 'ലൈഗര്‍' (Liger). മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട് ചെയ്യുന്ന നായകനായി വിജയ് ദേവരകൊണ്ട എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ ഹിറ്റ്മേക്കര്‍ പുരി ജഗന്നാഥ് (Puri Jagannadh) ആണ്. ബോക്സിംഗ് ഇതിഹാസം സാക്ഷാല്‍ മൈക്ക് ടൈസണ്‍ (Mike Tyson) ഒരു സുപ്രധാന റോളില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യന്‍ സ്ക്രീനിലേക്ക് ടൈസന്‍റെ ആദ്യ കടന്നുവരവുമാണിത്. ഇപ്പോഴിതാ അദ്ദേഹം വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.

സിനിമയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള കഥാപാത്രമാണ് ടൈസണ്‍ അവതരിപ്പിക്കുന്നതെന്നാണ് അണിയറക്കാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അതേസമയം കഥാപാത്രം നായകനെ അപേക്ഷിച്ച് സ്ക്രീന്‍ ടൈം കുറഞ്ഞ ഒന്നുമാണ്. എന്നാല്‍ അതൊന്നും ടൈസന്‍റെ പ്രതിഫലം കുറയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദേവരകൊണ്ട വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ടൈസണ്‍ വാങ്ങുന്നതെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തുക എത്രയെന്ന വിവരം പുറത്തെത്തിയിട്ടില്ല.

ധര്‍മ്മ പ്രൊഡക്ഷന്‍സ്, പുരി കണക്റ്റ്സ് എന്നീ ബാനറുകളില്‍ കരണ്‍ ജോഹര്‍, ചാര്‍മി കൗര്‍, അപൂര്‍വ്വ മെഹ്ത, ഹിരൂ യാഷ് ജോഹര്‍, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അനന്യ പാണ്ഡെ നായികയാവുന്ന ചിത്രത്തില്‍ രമ്യ കൃഷ്‍ണന്‍, റോണിത് റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിലവില്‍ സിനിമയുടെ ചിത്രീകരണം ഗോവയില്‍ പുരോഗമിക്കുകയാണ്.