ദില്ലി: ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമന്‍. വെള്ളിയാഴ്ച രാത്രിയാണ് മിലിനന്ദ് പ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറും അധ്യാപകനുമായ സോനം വാങ്ചുക് ചൈനയ്ക്ക് മറുപടി നല്‍കാന്‍ സൈനികര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സാധിക്കുമെന്ന് വിശദമാക്കി തയ്യാറാക്കിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് മിലിന്ദ് തീരുമാനം പ്രഖ്യാപിച്ചത്. 

താന്‍ ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കില്ലെന്നും ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്നും മിലിന്ദ് ട്വിറ്ററില്‍ വിശദമാക്കി. സോനം വാങ്ചുകിന്‍റെ വീഡിയോയുടെ ഷോര്‍ട്ട് ക്ലിപ് കൂടി മിലിന്ദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.  ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ അമീര്‍ഖാന്‍ ചെയ്ത കഥാപാത്രം സോനം വാങ്ചുകിന്‍റെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് തയ്യാറാക്കിയത്. 

വെടിയുണ്ടകള്‍ക്കൊണ്ട് മാത്രമല്ല മറുപടി, ചൈനയ്ക്കെതിരെ സാധാരണക്കാരനും ചെയ്യാനുണ്ട് ചില കാര്യങ്ങള്‍: സോനം വാങ്ചുക്

അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ചിലതുണ്ടെന്ന് സോനം വാങ്ചുക്. ചൈനയില്‍ നിര്‍മ്മിക്കുന്ന ഏതൊരു ഉല്‍പന്നവും ബഹിഷ്കരിക്കുന്നത് ചൈനയ്ക്ക് നല്‍കുന്ന മറുപടിയാകും. അത് നിങ്ങളുടെ ഫോണ്‍ ആവട്ടെ അല്ലെങ്കില്‍ ടിക് ടോക് പോലുള്ള ആപ്പുകള്‍ ആവട്ടെയെന്നും സോനം വാങ്ചുക് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. 

അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാലാണ് സംഘര്‍ഷ സമയത്തും നമ്മുക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നതെന്ന് സോനം പറയുന്നു. ഇത്തവണ സൈനികര്‍ക്കൊപ്പം നമ്മുക്കും മറുപടി നല്‍കാമെന്നും സോനം പറയുന്നു. വെടിയുണ്ടകളേക്കാള്‍ ശക്തമാണ് ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുക വഴി നടപ്പിലാകുക. വെടിയുണ്ടകളേക്കാള്‍ ശക്തിയേറിയതാണ് നമ്മുക്ക് പഴ്സ് കൊണ്ട് ചെയ്യാനാവുകയെന്നും സോനം പറയുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നത് ഇന്ത്യയിലെ ഉത്പന്നങ്ങള്‍ക്ക് വിപണി സാധ്യത കൂട്ടുമെന്നും സോനം വീഡിയോയില്‍ വിലയിരുത്തിയിരുന്നു.