നേരത്തെ മന്ത്രിയുടെ സാന്നിധ്യത്തില്‍ ജയസൂര്യ വിമര്‍ശനം ഉന്നയിച്ചിരുന്നു

നടന്‍ ജയസൂര്യ (Jayasurya) പൊതുമരാമത്ത് വകുപ്പിനെ (PWD) വിമര്‍ശിക്കുന്നതിന് ഇടയാക്കിയ വാഗമണ്‍ (Vagamon) റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നു. ഈ റോഡിന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് (P A Muhammad Riyas) ഇതുസംബന്ധിച്ച ഉറപ്പ് നല്‍കി. പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളെക്കുറിച്ചുള്ള പരാതികള്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിക്കാവുന്ന പരിപാടിയിലാണ് ജയസൂര്യ വിമര്‍ശനമുയര്‍ത്തിയ റോഡ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് കഴിഞ്ഞ ദിവസം ഭരണാനുമതിയും നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം വൈകാതെ തുടങ്ങാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രതീക്ഷ. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ലഭിച്ച പരാതികളില്‍ പലതിനും പരിഹാര നിര്‍ദേശങ്ങള്‍ അപ്പോള്‍ത്തന്നെ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്‍തു.

നേരത്തെ റോഡുകളെക്കുറിച്ചുള്ള പരാതി പൊതുജനങ്ങള്‍ക്ക് നേരിട്ടുവിളിച്ച് അറിയിക്കാവുന്ന പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ജയസൂര്യയുടെ വിമര്‍ശനം. റോഡുകളിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്ന് ജയസൂര്യ പറഞ്ഞിരുന്നു. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെയെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണമാണെന്നും ചിറാപ്പുഞ്ചി ഉള്‍പ്പെട്ട മേഘാലയയില്‍ കേരളത്തേക്കാള്‍ റോഡ് കുറവാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ പൊതുജനത്തിന്‍റെ ശബ്‍ദം കേള്‍ക്കുകയും അതിന് മൂല്യം കൊടുക്കുകയും ചെയ്യുന്ന മന്ത്രിയാണ് റിയാസ് എന്നായിരുന്നു തന്‍റെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു പിന്നാലെയുള്ള ജയസൂര്യയുടെ പ്രതികരണം.