ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്കൂൾ മോണിറ്റർമാരാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം

പാരീസ്: സ്കൂളുകളിലും ഡേകെയർ സെന്ററുകളിലും കുട്ടികൾക്ക് നേരെ നടന്ന അതിക്രൂരമായ പീഡനങ്ങളുടെ വിവരങ്ങൾ പുറത്ത്. വിദ്യാലയങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശാരീരിക മർദ്ദനം, പട്ടിണിക്കിടൽ, ലൈംഗിക അതിക്രമങ്ങൾ, ബലാത്സംഗം എന്നിവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ഊർജ്ജിതം. പാരീസിലെ 84 പ്രീ സ്കൂളുകൾ, ഇരുപതോളം പ്രൈമറി സ്കൂളുകൾ, പത്തോളം ഡേകെയർ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ വിപുലമായ അന്വേഷണം പുരോഗമിക്കുന്നത്. പ്രീ സ്കൂളുകളിൽ പഠിക്കുന്ന പ്രായം കുറഞ്ഞ കുട്ടികൾക്ക് നേരെയാണ് ഇതിൽ പല ലൈംഗിക അതിക്രമങ്ങളും ബലാത്സംഗങ്ങളും നടന്നിട്ടുള്ളത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്കൂൾ മോണിറ്റർമാരാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം. ദേശീയ വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നിയമിക്കുന്ന അധ്യാപകരിൽ നിന്നും വ്യത്യസ്തമായി, തദ്ദേശ സ്ഥാപനങ്ങളാണ് ഇവരെ ജോലിക്ക് നിയോഗിക്കുന്നത്. തങ്ങളുടെ സംരക്ഷണയിലുള്ള കുട്ടികളോട് ഇവർ അലറിവിളിക്കുക, തലമുടിക്ക് കുത്തിപ്പിടിക്കുക, ഭക്ഷണം നൽകാതിരിക്കുക, ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ കുട്ടികൾ നേരിട്ടതായാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. രക്ഷിതാക്കളുടെ പരാതികൾ ഗൗരവമായി എടുക്കാൻ അധികൃതർ മാസങ്ങളോളം വിമുഖത കാണിച്ചുവെന്നാണ് പീഡനത്തിന് ഇരയായ കുട്ടികളുടെ കുടുംബങ്ങൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർ വിശദമാക്കുന്നത്.

ഈ വിവാദവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന വിചാരണ പാരീസിലെ കോടതിയിൽ ആരംഭിച്ചതോടെ പൊതുജനരോഷം ശക്തമായിരിക്കുകയാണ്. ഡേവിഡ് ജി എന്ന് തിരിച്ചറിഞ്ഞിട്ടുള്ള മുപ്പത്തിയാറുകാരനായ സ്കൂൾ സഹായിയാണ് നിലവിൽ വിചാരണ നേരിടുന്നത്. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രീ സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും രണ്ട് വനിതാ സഹപ്രവർത്തകരെ ലൈംഗികമായി അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇയാൾ നിഷേധിക്കുന്നുണ്ടെങ്കിലും, അനുചിതമായ സ്പർശനങ്ങളെക്കുറിച്ച് കുട്ടികൾ സ്വന്തം വാക്കുകളിൽ വിവരിച്ച മൊഴികൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളെ മടിയിൽ ഇരുത്തുന്നത് ഉൾപ്പെടെയുള്ള സ്കൂൾ ചട്ടങ്ങൾ താൻ ലംഘിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചെങ്കിലും പീഡനശ്രമങ്ങൾ നിഷേധിക്കുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിക്ക് പത്ത് വർഷം വരെ തടവുശിക്ഷയും ഒന്നര ലക്ഷം യൂറോ പിഴയും ലഭിച്ചേക്കാം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും കോടതിക്ക് പുറത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാരീസ് മേയർ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനകം തന്നെ നിരവധി സ്കൂൾ ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ പാരീസിൽ 78 സ്കൂൾ സഹായികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അതിൽ 31 പേർ ലൈംഗിക അതിക്രമങ്ങളിൽ സംശയിക്കപ്പെടുന്നവരാണെന്നും അധികൃതർ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം