24ന് ഉച്ചയ്ക്ക് 1:30നാണ് ചിത്രത്തിന്‍റെ റിലീസ്
ഡയറക്റ്റ് ഒടിടി റിലീസ് ആയി ഇതിനുമുന്‍പ് എത്തിയ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള പ്രൊമോഷന്‍ ആണ് ടൊവീനോയുടെ (Tovino Thomas) 'മിന്നല്‍ മുരളി'ക്ക് (Minnal Murali) ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത ഹൈപ്പ് ആണ് പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സും (Netflix) ചിത്രത്തിന് നല്‍കുന്നത്. ചിത്രത്തിന്‍റെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രൊമോഷനില്‍ ഒരു പുതുമയും അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ട്വിറ്ററില്‍ സ്വന്തമായി ഇമോജി (Twitter emoji) ലഭിച്ചിരിക്കുകയാണ് ചിത്രത്തിന്.
ഇന്ത്യയില്‍ നിന്നുള്ള പല സൂപ്പര്‍താര ചിത്രങ്ങള്‍ക്കും മുന്‍പ് ട്വിറ്റര്‍ ഇമോജി ലഭിച്ചിട്ടുണ്ടെങ്കിലും ഒരു മലയാള സിനിമയെ സംബന്ധിച്ച് ആദ്യമാണിത്. 'മിന്നല്‍ മുരളി' എന്ന ഹാഷ് ടാഗിനൊപ്പം ട്വിറ്ററില്‍ ഇനി ഈ ഇമോജിയുമുണ്ടാവും. ഹാഷ് ടാഗ് നിലവില്‍ ട്രെന്‍ഡിംഗ് ആണ്. ടൊവീനോ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ചിത്രമാണ് ഇമോജിയില്‍.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫും ടൊവീനോ തോമസും ഒന്നിക്കുന്ന ചിത്രം തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി പൂര്‍ത്തിയാക്കിയ ചിത്രമാണ്. എന്നാല്‍ പിന്നീട് കൊവിഡ് സൃഷ്‍ടിച്ച അനിശ്ചിതത്വത്തില്‍ ഡയറക്റ്റ് റിലീസ് ആയി നെറ്റ്ഫ്ലിക്സുമായി ഡീല്‍ ഉറപ്പിക്കുകയായിരുന്നു. നെറ്റ്ഫ്ലിക്സ് പോലെയൊരു പ്ലാറ്റ്ഫോമിലൂടെ എത്തുന്നതോടെ വലിയ റീച്ച് ആവും ചിത്രത്തിന് ലഭിക്കുകയെന്നത് ഉറപ്പാണ്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാ ഴോണര്‍ ആണ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ എന്നതിനാല്‍ നെറ്റ്ഫ്ലിക്സും ഏറെ പ്രതീക്ഷയാണ് ഈ ചിത്രത്തില്‍ പുലര്‍ത്തുന്നത്. 24ന് ഉച്ചയ്ക്ക് 1:30നാണ് ചിത്രം എത്തുക.
