മലയാള സിനിമ തന്നെ കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയി. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലേക്കും മലയാള സിനിമ കടന്നുചെന്നു. ഈ മാറ്റങ്ങളുടെ പതാകാവാഹകരായി മാറിയ സംവിധായകരുടെയൊന്നും സിനിമകളില്‍ ദിലീപ് ഒരിക്കല്‍പ്പോലും എത്തിയില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടര വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി വിധി പറഞ്ഞിരിക്കുകയാണ്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ടു. അതേസമയം വിധിയില്‍ അപ്പീലുമായി പോകണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ് കോടതിവിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. ദിലീപടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് അവരെ കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷന്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമ്പോള്‍ തുടരുന്ന നിയമ വ്യവഹാരങ്ങളില്‍ ഈ കേസ് മലയാളികളുടെ സജീവശ്രദ്ധയില്‍ത്തന്നെ നില്‍ക്കുമെന്ന് ഉറപ്പാണ്. അതേസമയം ദിലീപിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് കോടതിവിധി നല്‍കുക.

2017 ഫെബ്രുവരിയില്‍ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി കല്‍പിക്കുന്ന താരങ്ങളില്‍ പ്രമുഖനായിരുന്നു ദിലീപ്. ഒരുകാലത്ത് ഏറ്റവുമധികം സാറ്റലൈറ്റ് വാല്യു ഏറ്റവും ഉണ്ടായിരുന്ന താരവും ദിലീപ് ആയിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയ താരം എന്ന ഇമേജ് ഉണ്ടായിരുന്നതിനാലായിരുന്നു ഇത്. എന്നാല്‍ സിനിമകളുടെ കാര്യത്തില്‍ ദിലീപ് കാലത്തിനനുസരിച്ച് അപ്ഡേറ്റ് ആവുന്നില്ല എന്ന് പ്രേക്ഷകര്‍ പറയാന്‍ തുടങ്ങിയ സമയത്താണ് ഈ കേസ് വരുന്നത്. കേസിലെ ദിലീപിന്‍റെ പങ്ക് പൊതുസമൂഹത്തില്‍ ഏറ്റവും ചര്‍ച്ചയായി നിന്ന സമയത്ത് വന്ന രാമലീല എന്ന ചിത്രം വിജയിച്ചതൊഴിച്ചാല്‍ പിന്നീടിങ്ങോട്ടുള്ള ദിലീപിന്‍റെ കരിയര്‍ മോശം തെരഞ്ഞെടുപ്പുകളുടേതും തുടര്‍ പരാജയങ്ങളുടേതുമായിരുന്നു.

കേസിന് പിന്നാലെ മാറിയ ദിലീപിന്‍റെ പ്രതിച്ഛായ ഈ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനത്തെയും ബാധിച്ചുവെന്ന് ഉറപ്പാണ്. കമ്മാര സംഭവം, ശുഭരാത്രി, ജാക്ക് ആന്‍ഡ് ഡാനിയല്‍, മൈ സാന്‍റ, വോയ്സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര എന്നിങ്ങനെ നീളുന്നു തിയറ്ററുകളില്‍ കാണികള്‍ തള്ളിക്കളഞ്ഞ ചിത്രങ്ങളുടെ നിര. ഏറ്റവുമൊടുവില്‍ ഇറങ്ങിയ പ്രിന്‍സ് ആന്‍ഡ് ഫാമിലിയും കോടതി സമക്ഷം ബാലന്‍ വക്കീലുമാണ് അല്‍പമെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയത്. അതസമയം നിര്‍ണായകവിധി വന്നതിന് തൊട്ടുപിന്നാലെ ദിലീപിന് കരിയറില്‍ ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. നവാ​ഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭഭബ എന്ന ചിത്രമാണ് അത്. രചനയും (ദമ്പതിമാരായ ഫാഹിം സഫറും നൂറിന്‍ ഫെരീറും ചേര്‍ന്ന്) സംവിധാനവുമൊക്കെ യുവാക്കള്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും കഥാപാത്രങ്ങളാവുന്നുണ്ട്. ഒപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും.

മലയാള സിനിമയില്‍ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ പിറവിക്ക് കാരണമായ കേസ് ആയിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലേക്കും മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ലിം​ഗപരമായ അസമത്വത്തെക്കുറിച്ചുമൊക്കെ ഇപ്പോഴും നടക്കുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും ഈ കേസ് തന്നെ. സിനിമാ സെറ്റുകളിലെ ലിം​ഗ അസമത്വത്തെക്കുറിച്ചുള്ള പരാതികളൊക്കെയും പരി​ഹരിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാള സിനിമ തന്നെ കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയി. ഒടിടിയിലൂടെയും അല്ലാതെയും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലേക്കും മലയാള സിനിമ കടന്നുചെന്നു. ഈ മാറ്റങ്ങളുടെ പതാകാവാഹകരായി മാറിയ സംവിധായകരുടെയൊന്നും സിനിമകളില്‍ ദിലീപ് ഒരിക്കല്‍പ്പോലും എത്തിയില്ല എന്നത് ശ്രദ്ധേയമാണ്. കേസും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമൊക്കെ അതിന് കാരണമായിട്ടുണ്ടാവാം. സിനിമ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയ, അധികാര കേന്ദ്രങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വെളിയില്‍ മികച്ച ഉള്ളടക്കവുമായി എത്തുന്ന ആര്‍ക്കും സ്വീകാര്യത നേടാവുന്ന കാലത്താണ് ഇന്ന് മലയാള സിനിമ. കോടതിവിധിക്ക് പിന്നാലെ സജീവമാകാന്‍ ശ്രമിക്കുന്ന ദിലീപിനെ കാത്ത് മാറിയ മലയാള സിനിമയാണ് ഉള്ളത്.

കോടതിവിധിക്ക് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നതെങ്കിലും കൂടുതലും വിധിയെ സ്വാ​ഗതം ചെയ്തുകൊണ്ടും ദിലീപിനെ കുറ്റവിമുക്തമാക്കിയതില്‍ സന്തോഷം പങ്കുവെച്ചുകൊണ്ടും ഉള്ളവയാണ്. കൊച്ചിയിൽ താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നടക്കുകയാണ്. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ യോഗം ചർച്ച ചെയ്യും. അതിനിടെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്.

'പൊലീസിൻ്റെ കള്ളക്കഥ ഇന്ന് കോടതിയിൽ പൊളിഞ്ഞു, എൻ്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു ശ്രമം'