ഡിസംബര്‍ 24നാണ് നെറ്റ്ഫ്ലിക്സ് റിലീസ്

മലയാളത്തിലെ അപ്‍കമിംഗ് റിലീസുകളില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പുണര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ടൊവീനോ തോമസ് (Tovino Thomas) നായകനാവുന്ന 'മിന്നല്‍ മുരളി' (Minnal Murali). 'ഗോദ'യ്ക്കു ശേഷം ബേസില്‍ ജോസഫിന്‍റെ (Basil Joseph) സംവിധാനത്തില്‍ ടൊവീനോ നായകനാവുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടുകൂടിയാണ് എത്തുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ (Netflix) ക്രിസ്‍മസ് റിലീസ് ആയാണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ്. എന്നാല്‍ നെറ്റ്ഫ്ളിക്സ് റിലീസിനു മുന്‍പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടക്കും എന്നതാണ് മിന്നല്‍ മുരളിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷന്‍. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് (Jio MAMI Mumbai Film Festival) ചിത്രത്തിന്‍റെ പ്രീമിയര്‍ നടക്കുക.

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‍റെ ചെയര്‍പേഴ്സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയാണ് (Priyanka Chopra) മിന്നല്‍ മുരളിയുടെ ഫെസ്റ്റിവലിലെ പ്രീമിയര്‍ പ്രഖ്യാപിച്ചത്. ടൊവീനോ തോമസും ബേസില്‍ ജോസഫുമായി വീഡിയോയിലൂടെ പ്രിയങ്ക നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ ഫെസ്റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്‍മൃതി കിരണും സംവാദത്തില്‍ പങ്കെടുത്തു. ചിത്രം താന്‍ കണ്ടെന്നും ഏറെ ഇഷ്‍ടപ്പെട്ടുവെന്നും വീഡിയോയില്‍ പ്രിയങ്ക പറയുന്നുണ്ട്. ഒടിടി കാലത്തെ മലയാള സിനിമയെക്കുറിച്ചും ഒരു സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ചുമൊക്കെ അവര്‍ ബേസിലിനോടും ടൊവീനോയോടും ചോദിക്കുന്നുമുണ്ട്. കേരളത്തിലെ ഒരു ഗ്രാമമാണ് പശ്ചാത്തലമെങ്കിലും ലോകത്തെവിടെയുമുള്ള പ്രേക്ഷകരോട് ചിത്രം സംവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. ലോകമെങ്ങുമുള്ള സിനിമാപ്രേമികളിലേക്ക് അവതരിപ്പിക്കാനായി ചിത്രം തെരഞ്ഞെടുത്ത നെറ്റ്ഫ്ലിക്സിന് ടൊവീനോയും ബേസിലും നന്ദിയും അറിയിച്ചു.

മുരളി എന്നു പേരായ ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

YouTube video player