മോഹന്‍ലാലിന്‍റെ വാക്കുകള്‍ എമ്പുരാന്‍, തുടരും വിജയാഘോഷ വേദിയില്‍

മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം കേരളത്തിലെ ഷെഡ്യൂള്‍ പൂർത്തിയാക്കിക്കൊണ്ട് പൂനെയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടിരുന്നു. എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് കൗതുകവും പ്രതീക്ഷയും ഉള്ള ചിത്രമാണ് ഹൃദയപൂര്‍വ്വം. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ ചുരുങ്ങിയ വാക്കുകളില്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.

ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയ തന്‍റെ രണ്ട് ചിത്രങ്ങളുടെ (എമ്പുരാന്‍, തുടരും) വിജയം ആഘോഷിക്കാന്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതത് ചിത്രങ്ങളുടെ അണിയറക്കാര്‍ക്കൊപ്പം അടുത്ത ചിത്രത്തിന്‍റെ സംവിധായകനായ സത്യന്‍ അന്തിക്കാടും പങ്കെടുത്തിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ കൂടി സാന്നിധ്യത്തിലാണ് മോഹന്‍ലാലിന്‍റ വാക്കുകള്‍- ഹൃദയപൂര്‍വ്വം നല്ല സിനിമയാണ്. ഒരു ഫീല്‍ ഗുഡ് ഫിലിം ആയിരിക്കും. പക്ഷേ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം, മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനൊപ്പം തുടരും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, നടിയും രഞ്ജിത്തിന്‍റെ ഭാര്യയുമായ ചിപ്പി, എമ്പുരാന്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ കൊച്ചിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ആരാധകര്‍ക്കൊപ്പം പങ്കെടുത്തു. 

അതേസമയം പൂനെയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഹൃദയപൂര്‍വ്വത്തിന്‍റേത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനെയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ. ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം