പുതുതലമുറ താരങ്ങള്‍ എത്രപേര്‍ വന്നാലും മമ്മൂട്ടിക്കും മോഹന്‍ലാലിനും സിനിമാപ്രേമികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് കുറവൊന്നുമില്ല. ഇരുവരുടെയും പുതിയ ലുക്കിലുള്ള ചിത്രങ്ങളില്‍ പലതും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. രണ്ടുപേരും ഒരുമിച്ചെത്തുന്ന ചിത്രമാണെങ്കില്‍ പറയാനുമില്ല. നേരത്തെ ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹ റിസപ്ഷന്‍ വേദിയില്‍ നിന്നുള്ള അത്തരമൊരു ചിത്രം ട്രെന്‍ഡിംഗ് ആയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച് പുഞ്ചിരി തൂകി നില്‍ക്കുകയാണ് തൊട്ടരികെ മോഹന്‍ലാല്‍. പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. പുതിയ പ്രഖ്യാപനം വല്ലതും പിറകേയുണ്ടോ എന്നാണ് ഇരുവരുടെയും ആരാധകരില്‍ പലരും കമന്‍റ് ബോക്സുകളില്‍ ചോദിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. 'എംപുരാനെ'ക്കുറിച്ച് സൂചന നല്‍കുന്നതായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. ഇനിയെങ്ങാനും മമ്മൂട്ടി കൂടി ഉള്‍പ്പെടുന്ന എംപുരാന്‍ അപ്ഡേറ്റ് ആണോ വരാനിരിക്കുന്നതെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

 

ബി ഉണ്ണികൃഷ്ണന്‍റെ 'ആറാട്ട്' ആണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. പാലക്കാട് ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. മോഹന്‍ലാലിന്‍റെ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന വിവരവും അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബിയുടെ രണ്ടാംഭാഗമായ 'ബിലാല്‍' ആയിരിക്കില്ല ഇതെന്നും മറ്റൊരു ചിത്രമായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് അമല്‍ നീരദ് ചിത്രത്തിനുവേണ്ടി ഉള്ളതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നത്.