ടി. എസ്. ലവ് ലാജൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.
തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. സാരിയുടുത്ത് നിൽക്കുന്ന മീരയ്ക്ക് പ്ലീറ്റ് റെഡിയാക്കി കൊടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ഒപ്പം ചിത്രത്തിന്റെ റിലീസ് വിവരവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഈ വർഷം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും.
വിഷു ദിനത്തിൽ ആയിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ അണിയറക്കാർ പുറത്തുവിട്ടത്. അതുവരെ L366 എന്നായിരുന്നു അതിമനോഹരത്തിന്റെ പേര്. മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാൽ ആയിരുന്നു ഫസ്റ്റ് ലുക്ക്. ടി. എസ്. ലവ് ലാജൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.
ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്‌ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.



