എംടി കഥകളുടെ നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്

മലയാള സിനിമയെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്ന് ഔട്ട്ഡോറിലേക്ക് നയിച്ച ചിത്രമെന്ന് പേരുകേട്ട സിനിമയാണ് പി എന്‍ മേനോന്‍റെ (P N Menon) സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' (Olavum Theeravum). മലയാള സിനിമയിലെ 'റിയലിസ'ത്തിന് നാന്ദി കുറിച്ച ചിത്രത്തിന്‍റെ രചന എം ടി വാസുദേവന്‍ നായരുടേതായിരുന്നു (M T Vasudevan Nair). ഇപ്പോഴിതാ അഞ്ച് പതിറ്റാണ്ടിനിപ്പുറം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എംടിയുടെ കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ് (Netflix) ആന്തോളജിയില്‍ ഒന്ന് ഈ ചിത്രമായിരിക്കുമെന്ന് കാന്‍ ചാനല്‍ മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

എംടി കഥകളുടെ നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ (Priyadarshan) രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് ഇതില്‍ ഒന്ന്. ബിജു മേനോന്‍ നായകനാവുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ഓളവും തീരവും ഒറിജിനലില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുരനാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ (Mohanlal) ആയിരിക്കും. എംടി-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ എന്ന കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍ കൂടിയാണ് ഇത്. നായികയെ തീരുമാനിച്ചിട്ടില്ല.

എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, സന്തോഷ് ശിവന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. എംടിയുടെ 'അഭയം തേടി' എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം. കഥ എന്നതിനേക്കാള്‍ അമൂര്‍ത്തമായ ഒരു ആശയത്തില്‍ നിന്നാണ് ഈ ചിത്രം സൃഷ്‍ടിച്ചെടുക്കേണ്ടതെന്നും അത് വെല്ലുവിളി സൃഷ്‍ടിക്കുന്ന ഒന്നാണെന്നും സന്തോഷ് ശിവന്‍ നേരത്തേ പറഞ്ഞിരുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആണ് നായകന്‍.