തുടരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും. രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാര്‍ ആണ്.

തുടരും എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന് തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തി. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മാണം. രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാര്‍ ആണ്. അദ്ദേഹം തന്നെയായിരുന്നു തുടരുമിന്‍റെയും ഛായാഗ്രാഹകന്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 

തന്റെ അടുത്ത ചിത്രം മോഹൻലാലിനോടൊപ്പം തന്നെ ആണെന്ന് തരുൺ മൂർത്തി നേരത്തെ സൂചനകൾ നൽകിയിരുന്നു. പിന്നാലെയാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. കൂടുതൽ അപ്ഡേറ്റുകൾ ഔദ്യോഗികമായി വരും ദിവസങ്ങളില്‍ പുറത്തുവരും. 

2025 ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രമാണ് തുടരും. ഷണ്‍മുഖന്‍ എന്ന ടാക്സി ‍ഡ്രൈവറെയും കുടുംബത്തെയും ചുറ്റിപ്പറ്റി കഥപറഞ്ഞ ചിത്രം പ്രേക്ഷക പ്രശംസകള്‍ക്കൊപ്പം പുത്തന്‍ ബോക്സ് ഓഫീസ്‍ റെക്കോര്‍ഡും ഇട്ടിരുന്നു. സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 234.5 കോടി രൂപയാണ് ആഗോളതലത്തില്‍ തുടരും നേടിയത്. ഓവര്‍സീസില്‍ നിന്നും 93.8 കോടി രൂപ നേടിയ ചിത്രം കേരളത്തില്‍ നിന്നും നേടിയത് 117.82 കോടി രൂപയായിരുന്നുവെന്നാണ് കണക്ക്. 56-ാമത് ഐഎഫ്എഫ്ഐയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ശോഭനയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും. അർജുൻ അശോകൻ, മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങള്‍ പടത്തില്‍ അണിനിരന്നു.

തികച്ചും സാധാരണക്കാരനായി മോഹന്‍ലാല്‍ എത്തിയ ചിത്രം കൂടിയായിരുന്നു തുടരും. ആ വേഷത്തില്‍ നടനെ കാണാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവും ഏറെയാണ്. തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ അത്തരമൊരു വേഷമാകും നടന്‍ ചെയ്യുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്