ജനുവരി 25 നാണ് ചിത്രത്തിന്‍റെ റിലീസ്

മലയാളി സിനിമാപ്രേമികള്‍ ഇത്രയധികം ആവേശത്തോടെ സമീപകാലത്ത് ഒരു ചിത്രത്തിനായും കാത്തിരുന്നിട്ടില്ല, മലൈക്കോട്ടൈ വാലിബന്‍ പോലെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പി. എല്ലായ്പ്പോഴും പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്യിക്കാറുള്ള ലിജോയും ദി കംപ്ലീറ്റ് ആക്റ്ററും ഒത്തുചേരുമ്പോള്‍ അത്ഭുതത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് ഒരു പ്രധാന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസ് സംബന്ധിച്ചാണ് അത്. ട്രെയ്‍ലര്‍ എപ്പോള്‍ എത്തും എന്ന ചോദ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 7.30 ന് ട്രെയ്‍ലര്‍ എത്തും. ആവേശത്തോടെയാണ് ട്രെയ്‍ലര്‍ റിലീസിം​ഗ് പ്രഖ്യാപനം ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ടീസര്‍ അടക്കം ചിത്രത്തിന്‍റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ജനുവരി 25 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം എത്തുക. യൂറോപ്പില്‍ 35 ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.യുഎസില്‍ 39 സംസ്ഥാനങ്ങളിലെ 146 നഗരങ്ങളിലും ചിത്രം എത്തും. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 

ALSO READ : ഒന്നാമത് ആ തെന്നിന്ത്യന്‍ താരചിത്രം! പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന 5 ഹിന്ദി സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം