ആശിർവാദ് സിനിമാസും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം വിവിധ ജോണറുകളിലൂടെ സഞ്ചരിക്കുന്ന ഒന്നായിരിക്കും

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമിട്ടു. മോഹന്‍ലാലിന്‍റെ കരിയറിലെ 368-ാം ചിത്രമായ ഇതിന് എല്‍ 368 എന്നാണ് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ആശിർവാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്സാണ്ടര്‍‍ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ടര്‍ നിർമ്മിക്കുന്നു. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഇന്ന് നടന്ന പൂജാ ചടങ്ങിൽ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

തുടർന്ന് പി ജി ജോർജും കുഞ്ഞൂഞ്ഞമ്മ ജോർജും ചേർന്ന് സ്വിച്ചോൺ കർമ്മവും മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി. വരനെ ആവശ്യമുണ്ട് എന്ന തൻ്റെ ആദ്യ ചിത്രത്തിനു ശേഷം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനൂപ് സത്യന്‍ തൻ്റെയൊരു ചിത്രം ആരംഭിക്കുന്നത്. അത് താൻ ഏറ്റവും അധികം ആരാധിക്കുന്ന നടൻ മോഹൻലാലിനെ നായകനാക്കി ചെയ്യാൻ അവസരമുണ്ടായതിൽ ഏറെ സന്തോഷമുണ്ടന്ന് അനൂപ് തൻ്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മോഹൻലാലിൻ്റെ ആരാധകനായിരുന്ന അനൂപിൻ്റെ പഴയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ടാണ് സത്യൻ അന്തിക്കാട് ആശംസ നേർന്നത്. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന് എല്‍ 368 എന്നാണ് അനൗൺസ് ചെയ്ത് കാണുന്നത്. അതിൽ ഇരുപത് ചിത്രങ്ങൾ തൻ്റേതാണന്നും സത്യൻ അന്തിക്കാട് ഓർമ്മിപ്പിച്ചു.

"ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം ആറ് വർഷത്തെ ഇടവേള പെയിൻഫുൾ തന്നെയാണ്. അത് കവർ ചെയ്ത് മോഹൻലാലിനോടൊപ്പം സിനിമയുമായി അനൂപിന് കടന്നു വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. സത്യൻ അന്തിക്കാടിനോടും മക്കളായ അഖിൽ സത്യൻ, അനൂപ് സത്യൻ എന്നിവർക്കൊപ്പവും അഭിനയിക്കാനും സന്തോഷം പങ്കിടാനും കഴിഞ്ഞതിൻ്റെ സന്തോഷം മുകേഷും പങ്കുവച്ചു. താൻ ഈ ചിത്രത്തിൻ്റെ ഭാഗമല്ലെങ്കിലും തനിക്ക് പ്രിയപ്പെട്ട നിരവധിപ്പേരുടെ ഈ സംരംഭത്തിൽ തൻ്റെ സന്തോഷം പങ്കിടുന്നതായി ടൊവിനോ തോമസും പറഞ്ഞു. ആശിഷ് ജോ ആൻ്റണി, സംഗീത് പ്രതാപ്, ജേക്സ് ബിജോയ്, ആൻ്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്‌സാണ്ടര്‍, മോഹൻലാൽ എന്നിവരും വേദി പങ്കിട്ട് സംസാരിച്ചു.

ചിത്രത്തെക്കുറിച്ച് ഒന്നും തൽക്കാലം പുറത്തുവിടുന്നില്ലെന്നാണ് സംവിധായകൻ അനൂപ് സത്യൻ പറഞ്ഞത്. എല്ലാ ജോണറുകളിലൂടെയും സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് അനൂപ് സത്യൻ സൂചിപ്പിച്ചു. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും കണ്ടെടുത്ത മൂന്ന് തിയറ്റർ ആർട്ടിസ്റ്റുകൾ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇവ തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ സിനിമയുടെ ചിത്രീകരണം ഇടുക്കി, മംഗലാപുരം ഉൾപ്പടെ കർണ്ണാടകയിലെ നിരവധി ലൊക്കേഷനുകളിലുമായിട്ടാണ് പൂർത്തിയാകുന്നത്.

ഗാനങ്ങൾ കൈതപ്രം, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, കലാസംവിധാനം പ്രശാന്ത് മാധവൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് സുധാകർ, മേക്കപ്പ് സജീവ് സജി, സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, വിഎഫ്എക്സ് വിഷ്‌ണു പിഷാരടി, ആക്ഷൻ സ്റ്റണ്ട് സെൽവ, ഡിസൈൻ ഏസ്തറ്റിക്ക് കുഞമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുല്യ മധു, പ്രൊഡക്ഷൻ മാനേജർ ആദർശ് ലൈല സുന്ദർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, ധനേഷ്, പ്രൊഡക്‌ഷൻ കൺട്രോളർ ബിജു തോമസ്. ആശിർവാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming