ഇത്തവണത്തെ ബിഗ് ബോസിലെ ആദ്യ എലിമിനേഷൻ ഇന്ന്.

മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യത്തെ എലിമിനേഷൻ ആണ് ഇന്ന്. മോഹൻലാല്‍ ആങ്കറായ ബിഗ് ബോസില്‍ നിന്ന് ഇന്ന് ആരും പുറത്തുപോകും എന്നാണ് കണ്ടറിയേണ്ടത്. മോഹൻലാല്‍ തന്നെയാണ് അക്കാര്യം പ്രഖ്യാപിക്കുക. ആരാണ് പുറത്തുപോകുകയെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. ആരാണ് പുറത്തുപോകുകയെന്നതില്‍ മോഹൻലാല്‍ സൂചനകള്‍ നല്‍കിയിട്ടില്ല. മത്സാര്‍ഥികള്‍ തന്നെയായിരുന്നു എലിമിനേഷൻ പട്ടികയ്‍ക്കായി നോമിനേറ്റ് ചെയ്‍തത്.

റിതു മന്ത്ര- ഏഴ്, കിടിലൻ ഫിറോസ്- നാല്, ലക്ഷ്‍മി ജയൻ- നാല്, ഡിംപാല്‍- മൂന്ന് സന്ധ്യാ മനോജ്- മൂന്ന്, സായ് വിഷ്‍ണു- രണ്ട്, അഡോണി ജോണ്‍- രണ്ട്, ഭാഗ്യലക്ഷ്‍മി- രണ്ട് എന്നിങ്ങനെയാണ് എലിമിനേഷന് നോമിനേഷൻ ലഭിച്ചത്. പ്രേക്ഷകരുടെ വോട്ടിംഗും കണക്കിലെടുത്താണ് ഇവരില്‍ ഒരാളെ പുറത്താക്കുക. അത് ആരെന്നുള്ള ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. ആരാണ് പുറത്തുപോകുകയെന്ന് ആര്‍ക്കും തോന്നുണ്ടോയെന്ന് മോഹൻലാല്‍ ചോദിച്ചു. കിടിലൻ ഫിറോസ് ഇതിന് കൈ ഉയര്‍ത്തുകയും ചെയ്‍തു. എന്താണ് അഭിപ്രായമെന്ന് മറ്റുള്ളവരോടും മോഹൻലാല്‍ ചോദിച്ചു.

പുറത്തായാലും ഒരു കുഴപ്പമില്ല എന്നാണ് ഡിംപല്‍ പറഞ്ഞത്. ഇവിടെയായാലും അവിടെയായാലും ഒരു കുഴപ്പവുമില്ല, ഇതും വീട്, അതും വീട് എന്ന് ഡിംപാല്‍ പറഞ്ഞു. ഒരാള്‍ കണ്ട് പെട്ടെന്ന് ഇഷ്‍ടപ്പെടുന്ന ആളല്ല താൻ എന്നായിരുന്നു ലക്ഷ്‍മി ജയന്റെ മറുപടി. 2007 മുതല്‍ സജീവമായിട്ട് പ്രോഗ്രാമുകള്‍ ചെയ്യുന്ന ആളാണ്. എങ്ങനെയാണ് പ്രേക്ഷകര്‍ ചെയ്യുന്നതെന്ന് അറിയില്ലെന്നും ലക്ഷ്‍മി ജയൻ പറഞ്ഞു. നില്‍ക്കാനാണെങ്കിലും പോകാനാണെങ്കിലും പ്രശ്‍നമില്ല എന്നായിരുന്നു റിതു മന്ത്രയുടെ മറുപടി. പുറത്തായാലും കുഴപ്പമില്ല, നിന്നാല്‍ പ്രായമൊക്കെ മറന്ന് ഫേയ്‍സ് ചെയ്യുമെന്നായിരുന്നു ഭാഗ്യലക്ഷ്‍മി പറഞ്ഞത്. ഇവിടെ നിന്ന് ഒരുപാട് ഓര്‍മകള്‍ കിട്ടിയെന്നായിരുന്നു സന്ധ്യാ മനോജ് പറഞ്ഞത്. വീട്ടുകാര്‍ക്ക് വേണ്ടി കൂടിയാണ് താൻ വന്നത്, അതുകൊണ്ട് വിഷമമില്ല എന്നുമാണ് സായ് വിഷ്‍ണു പറഞ്ഞത്. പുറത്തായാല്‍ കുഴപ്പമില്ല, നിന്നാലും എന്നായിരുന്നു അഡോണി പറഞ്ഞത്.

നാളെ പറയാം എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം മോഹൻലാല്‍ വിടപറഞ്ഞത്.