അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹന്‍ലാല്‍. 

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ പ്രിയ ലാലേട്ടന് ആശംസയുമായി രം​ഗത്തെത്തുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാലിന്റെ ഫോട്ടോകളും വീഡിയോകളും ആശംസകളുമൊക്കെയാണ്. ഈ അവസരത്തിൽ മോഹൻലാൽ പങ്കുവച്ച ഫോട്ടോകളാണ് ഏവരുടെയും ഹൃദയം കവരുന്നത്. 

അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം. ഹം(HUM) ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏഞ്ചൽസ് ഹട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പം ആണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച മോഹൻലാൽ, കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളും കൈമാറി. 'കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം', എന്നാണ് ഫോട്ടോകള്‍ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്. 

അതേസമയം, മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങളാണ്. അതില്‍ പ്രധാനം മലൈക്കോട്ടൈ വാലിബന്‍ ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുക ആണ്. ലിജോയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാജസ്ഥാനിലെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. 

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സെറ്റ് നിർമ്മാണം ഈ ആഴ്ചയോടെ ആരംഭിക്കുമെന്നാണ് വിവരം. ഇതിന് ശേഷം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ചിത്രത്തിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നു എന്നാണ് വിവരം. ലൂസിഫർ നിർമിച്ചത് ആശിർവാദ് സിനിമാസ് ആയിരുന്നു. 

റിനോഷിനെ സഹോദരനായേ കണ്ടിട്ടുള്ളൂ എന്ന് ശ്രുതി, 'വളച്ചൊടിക്കുന്നവർ ചെയ്യട്ടെ' എന്ന് എവിൻ

മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരഭമായ ബറോസും ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഓളവും തീരവും, ജീത്തും ജോസഫിന്റെ റാം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, വൃഷഭ, ഭദ്രൻ ചിത്രം, അനൂപ് സത്യൻ സിനിമ, ടിനു പാപ്പച്ചൻ സിനിമ എന്നിങ്ങനെ പോകുന്നു പുതിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റുകൾ.

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News