കൊച്ചി: അമ്പത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു സംവിധായകന്റെ കുപ്പായം എടുത്തണിയുക എന്നത്. ഈസ്റ്റര്‍ ദിനത്തില്‍ മലയാളികള്‍ കൗതുകത്തോടെ കേട്ട വാര്‍ത്തയും 'മോഹന്‍ലാല്‍ സംവിധായകനാവാന്‍ പോകുന്നു' എന്നത് തന്നെയായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ബ്ലോഗിലൂടെ ഈ വിവരം പുറത്തുവിട്ടത്. 'ബറോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ തന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
 
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇതെന്ന് മോഹന്‍ലാലിന്റെ സാക്ഷ്യം. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെ യു മോഹനനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. ജിജോ നവോദയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും.

മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. ലാലിന് ആശംസകളേകി പൃഥ്വിരാജും മഞ്ജുവാര്യരും ഉൾപ്പടെയുള്ള താരങ്ങൾ എത്തിയിരുന്നു.