പല ഷെഡ്യൂളുകളായി 99 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി നടന്നത്

സിനിമാപ്രേമികള്‍ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിനായുള്ള ഡബ്ബിംഗ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി എന്നതാണ് അത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും തരുണ്‍ മൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ഏതാനും ദിവസം മുന്‍പുള്ള ചിത്രമാണിത്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് തുടരും എന്ന സിനിമയ്ക്കായി നടന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. 

ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 

ALSO READ : സാം സി എസിന്‍റെ സം​ഗീതം; 'പണി'യിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം