'ദൃശ്യം 2' റിലീസിനു തൊട്ടുമുന്‍പാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതിന്‍റെ സൂചന പൃഥ്വിരാജ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചിലും മോഹന്‍ലാലിന്‍റെ നിര്‍ദേശമനുസരിച്ച് ക്യാമറയ്ക്കു മുന്നില്‍ പെര്‍ഫോം ചെയ്യുന്നതിന്‍റെ ആവേശം പൃഥ്വി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ നിമിഷം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള പൃഥ്വിയും അദ്ദേഹത്തിന് വേണ്ട നിര്‍ദേശം നല്‍കുന്ന മോഹന്‍ലാലുമാണ് ചിത്രത്തില്‍. ചിത്രത്തിന്‍റെ രചയിതാവ് ജിജോ പുന്നൂസും ഫ്രെയ്‍മില്‍ ഉണ്ട്.

നേരത്തെ സംവിധായകന്‍ എന്ന നിലയിലുള്ള തന്‍റെ ആദ്യ ദിനത്തിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്‍റെ സ്വപ്ന പ്രോജക്ട് ആണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 

പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.