മോഹന്‍ലാലിന്‍റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നു

മോഹന്‍ലാലിന്‍റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ശ്രദ്ധേയ ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഫിലിം ഫെസ്റ്റിവലുമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാര്‍. ഇന്നാണ് (മെയ് 21) മോഹന്‍ലാലിന്‍റെ പിറന്നാള്‍. ഇതോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാറില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ മെയ് 20 മുതല്‍ 30 വരെയാണ്. വിവിധ വിഭാഗങ്ങളിലായി മോഹന്‍ലാലിന്‍റെ ശ്രദ്ധേയമായ 115 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് കാണുന്നതിനൊപ്പം ആരാധകര്‍ക്ക് പങ്കെടുക്കാനുള്ള മത്സരങ്ങളും പ്ലാറ്റ്‍ഫോമില്‍ ഉണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വിവിധ പേരുകളില്‍ ക്യുറേറ്റ് ചെയ്തിരിക്കുന്ന വിഭാഗങ്ങളിലായാണ് ഈ 115 ചിത്രങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ കള്‍ട്ട് ക്ലാസിക്കുകള്‍, ദി കംപ്ലീറ്റ് ലാലേട്ടന്‍ സ്വാഗ്, ലാലേട്ടന്‍ ലോല്‍ യൂണിവേഴ്സ്, ബെസ്റ്റ് മോഹന്‍ലാല്‍ ത്രില്ലര്‍ മൂവീസ്, മോഹന്‍ലാല്‍: ഹേര്‍ട്ട് ആന്‍ഡ് ഹോം എന്നീ പേരുകളിലാണ് വിവിധ വിഭാഗങ്ങള്‍. ദൃശ്യം, മണിച്ചിത്രത്താഴ്, വാനപ്രസ്ഥം, ഭരതം, സന്മനസുള്ളവര്‍ക്ക് സമാധാനം, തുടരും, ഹൃദയപൂര്‍വ്വം, പുലിമുരുകന്‍, വന്ദനം തുടങ്ങി നീളുന്നു ഫെസ്റ്റിവലിലെ ചിത്രങ്ങളുടെ നീണ്ട നിര. ഫെസ്റ്റിവലിനൊപ്പമുള്ള സൂപ്പര്‍ഫാന്‍ കോണ്ടെസ്റ്റില്‍ വിജയികളാവുന്നവര്‍ക്ക് മോഹന്‍ലാല്‍ കൈയൊപ്പ് ചാര്‍ത്തിയ ടീ ഷര്‍ട്ടുകള്‍ സമ്മാനമായി ലഭിക്കും.

അതേസമയം പിറന്നാള്‍ ദിനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതിന്‍റെ ആഹ്ലാദത്തിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗമാണ് ഇന്ന് തിയറ്ററുകളില്‍ എത്തിയത്. വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രത്തിന് അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം നേടിയതോടെ ബോക്സ് ഓഫീസില്‍ ചിത്രം കുതിക്കുകയാണ്. ചിത്രം നേടുന്ന ഓപണിംഗ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. അതേസമയം പിറന്നാള്‍ ദിനത്തില്‍ ദൃശ്യം 3 പ്രേക്ഷകര്‍ക്കൊപ്പം കാണാന്‍ മോഹന്‍ലാല്‍ ഇന്ന് രാവിലെ എറണാകുളം കവിത തിയറ്ററില്‍ എത്തിയിരുന്നു. വൈകിട്ട് ആന്‍റണി പെരുമ്പാവൂര്‍, ജീത്തു ജോസഫ്, മീന, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലും അദ്ദേഹം എത്തി. മോഹന്‍ലാലിന്‍റേതായി ശ്രദ്ധേയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആയിരിക്കും അടുത്ത റിലീസ്. പ്രിയദര്‍ശനും ദിലീഫ് പോത്തനും സംവിധാനം ചെയ്യുന്ന ചിത്രങ്ങളും പിന്നാലെ വരും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming