ലാലേട്ടന്റെ ചമ്മിയ ചിരി ഇഷ്‍ടപ്പെടാത്ത മലയാളികള്‍ ആരുമുണ്ടാകില്ല. ലാലേട്ടന്റെ തമാശപ്പടങ്ങള്‍ മിക്കതും മലയാളികള്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആഴവും പരപ്പുമുള്ള നിരവധി കഥാപാത്രങ്ങളായി പകര്‍ന്നാടി അഭിനയപ്പെരുമയുടെ കിരീടമണിഞ്ഞ അതേ മോഹന്‍ലാല്‍ തന്നെയാണ് കുസൃതിത്തരങ്ങളുമായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മോഹന്‍‌ലാലിന്റെ കോമഡി ചിത്രങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയുമാണ്. ശുദ്ധ നര്‍മ്മമുള്ള ഒരു മോഹന്‍ലാല്‍ സിനിമയ്‍ക്കായി ആരാധകര്‍ തീര്‍ച്ചയായും എപ്പോഴും കാത്തിരിക്കുന്നുമുണ്ട്. 

ലാല്‍ കഥാപാത്രങ്ങളുടെ കോമഡികള്‍ കണ്ട് മലയാളികള്‍ അന്തംവിട്ട് ചിരിച്ചതിന് കയ്യുംകണക്കുമില്ല. പഴത്തൊലിയില്‍ ചവിട്ടി തെന്നി വീഴുന്നതോ ചാണക്കുഴിയില്‍ വീഴുന്നതു മാത്രമായിരുന്നില്ല ആ തമാശകളത്രയും. അളന്നുമുറിച്ച കോമഡികളിലൂടെയായിരുന്നു ലാല്‍ പ്രേക്ഷകരില്‍ ചിരിപടര്‍ത്തിയത്. മലയാളത്തിന്റെ ചിരിരാജാവ് ജഗതി ശ്രീകുമാറിനൊപ്പവും പരിഹാസശരമെറിഞ്ഞു ചിരിയുടെ അമിട്ടുകള്‍ പൊട്ടിക്കുന്ന ശ്രീനിവാസനൊപ്പവും മോഹന്‍ലാല്‍ ചേര്‍ന്നപ്പോള്‍ തീയേറ്ററുകളില്‍ മലയാളികള്‍ ചിരിച്ചുമറിഞ്ഞിട്ടുണ്ട്, പലതവണ. കിലുക്കം, നാടോടിക്കാറ്റ് പരമ്പര, താളവട്ടം, അയാള്‍ കഥയെഴുതുകയാണ്, ചന്ദ്രലേഖ, യോദ്ധ, മിന്നാരം, ഹലോ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍...

കഥയില്ലാത്ത അതിമാനുഷ കഥാപാത്രങ്ങളിലേക്ക്, മോഹന്‍ലാല്‍ മീശ പിരിച്ചു വളര്‍ന്നപ്പോള്‍ (തളര്‍ന്നപ്പോള്‍) മലയാളികള്‍ക്ക് നഷ്‍ടമായത് മേല്‍പ്പറഞ്ഞ സിനിമകളിലെ നിഷ്‌കളങ്കമായ ചമ്മലുകളും ചിരിയുമായിരുന്നു. അതുകൊണ്ടാണ് പഴയ മോഹന്‍ലാലിനെ തിരിച്ചുവേണമെന്ന് പറഞ്ഞ് ആരാധകര്‍, അതിമാനുഷിക കഥാപാത്രങ്ങളുടെ തുടര്‍ച്ചക്കാലത്ത്, ലാലേട്ടന്റെ ചില സിനിമകളോട് ഇടയ്‌ക്കൊന്നു പിണക്കം കാട്ടിയതും. മോഹന്‍ലാല്‍ പഴയ മോഹന്‍ലാലും പുതിയ മോഹന്‍ലാലും എന്നായി വിഭജിക്കപ്പെട്ടതിന്റെ പിന്നിലെ കാരണങ്ങളില്‍ ഒന്നും ഇതുതന്നെ. 

മോഹന്‍ലാല്‍ പഴയ ചിത്രങ്ങളിലേതു പോലുള്ള മാനറിസങ്ങളുമായി തിരിച്ചെത്തുന്നുവെന്ന വാചകങ്ങള്‍ സിനിമാപ്പരസ്യങ്ങളില്‍ ഇടംപിടിച്ചതും ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ. 

ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളായി പകര്‍ന്നാടിയും വിസ്‌മയിപ്പിക്കുന്ന മോഹന്‍ലാലിന്റെ തമാശകളും കുസൃതികളും ഹൃദയം തുറന്ന ചിരിയും മലയാളികള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്.

നിങ്ങള്‍ക്ക് ഇഷ്‍ടപ്പെട്ട, മോഹന്‍ലാലിന്റെ കോമഡി കഥാപാത്രങ്ങളും ചിത്രങ്ങളും ഏതെന്ന് പറയൂ. ഇഷ്‍ടപ്പെട്ട കോമഡിരംഗവും.

ഇതാ ചില കോമഡി രംഗങ്ങള്‍