രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ(Mohanlal). നടനായും പാട്ടുകാരനായും തിളങ്ങിയ താരമിപ്പോൾ സംവിധായകന്റെ മേലങ്കി കൂടി ധരിച്ചിരിക്കുകയാണ്. ബറോസ് എന്നാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ബറോസിലും ഉപയോഗിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ഏറെ സിനിമയ്ക്കായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും.

ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പ്രതികരണം. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്നാണ് മോഹൻലാൽ പറഞ്ഞത്.
Barroz : 'ബറോസ്' അവതരിപ്പിക്കുക ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ : മോഹൻലാൽ പറയുന്നു
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
Mohanlal Birthday : സ്ക്രീനിൽ വിസ്‍മയമാവുമോ 'ബറോസ്'? മോഹൻലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ
ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. റാം, എമ്പുരാൻ, എലോൺ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

