മോഹൻലാലിന് ആര്‍പ്പുവിളികൾ, നാഗവല്ലിക്കും നകുലനും വമ്പന്‍ കയ്യടി, ഇത് 'മണിച്ചിത്രത്താഴ്' കേരളീയം !
വന്‍തിരക്ക് കാരണം മൂന്ന് ഷോകള്‍ കൂടി ആഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ചില സിനിമകൾ ഉണ്ട്, കാലങ്ങൾ എത്രകഴിഞ്ഞാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ചിത്രങ്ങൾ. അത്തരം സിനിമകളിലെ ഓരോ കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമാസ്വാദകർക്ക് മനഃപാഠം ആയിരിക്കും. എന്തിനേറെ അവയിലെ ഓരോ സംഭാഷണങ്ങളും പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. മലയാളത്തിൽ ഇത്തരം സിനിമകൾ നിരവധി ഉണ്ട്. അക്കൂട്ടത്തിൽ പ്രധാനി ആണ് മണിച്ചിത്രത്താഴ്.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും നിറഞ്ഞാടിയപ്പോൾ നാഗവല്ലിയായി അസാധ്യ പ്രകടനം കാഴ്ചവച്ച് ശോഭനയും ഒപ്പം കൂടി. മലയാളത്തിൽ വൻ ഹിറ്റായി മാറിയ ചിത്രം ഇതര ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. എന്നാൽ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് വലുതാകാൻ പറ്റില്ല എന്നത് വലിയ വസ്തുതയാണ്.
ഇന്നിതാ കാലങ്ങൾക്ക് ശേഷം വീണ്ടും നാഗവല്ലിയും ഗംഗയും നകുലനും തിയറ്ററിൽ എത്തിയിരിക്കുകയണ്!. കേരളീയം 2023നോട് അനുബന്ധിച്ച് തലസ്ഥാനത്ത് ചലച്ചിത്രേത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പഴയകാല ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇക്കൂട്ടത്തിലാണ് മണിച്ചിത്രത്താഴും ഉള്ളത്. ഇന്നത്തെ യുവതലമുറയ്ക്ക് തിയറ്റർ എക്സ്പീരിയൻസ് മിസായ ചിത്രം വീണ്ടും കണ്ടതിലെ ആകാംക്ഷ സോഷ്യൽ മീഡിയയിൽ അലതല്ലുകയാണ്. ഇന്ന് രാത്രി 7.30 മണിക്ക് ആയിരുന്നു ഷോ. എന്നാൽ 3.30മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മോഹന്‍ലാലിന്റെ ഇന്‍ട്രോയില്‍ ആര്‍പ്പ് വിളികളുമായാണ് ആരാധകര്‍ എത്തിയത്.
"ശെരിക്കും ഈ പടങ്ങൾ ഒക്കെ റഗുലർ ആയി വീക്കൻഡിൽ തിയേറ്റർ റിലീസ് ഉണ്ടായിരുന്നേൽ ഈ തിയേറ്റർ മുതലാളിമാർക്ക് എന്ത് മാത്രം ക്യാഷ് കിട്ടിയേനെ ഒപ്പം നമ്മുക്ക് തിയേറ്റർ എക്സ്പീരിയൻസും, ഈ ലോകത്ത് ഏറ്റവും ഭാഗ്യവാനായ സിനിമാ പ്രേമി ആരാണെന്ന് ചോദിച്ചാൽ മണിച്ചിത്രത്താഴ് തിയേറ്ററിൽ നിന്നും കണ്ടവരാണെന്ന് ഞാൻ പറയും. കഥയെപ്പറ്റി യാതൊരു സൂചനയുമില്ലാതെ കണ്ടവരുടെ അവസ്ഥ!, സ്ഫടികവും ഇതും തീയേറ്ററിൽ നിന്നും കാണാൻ പറ്റിയത് ആണ് ഏറ്റവും വലിയ ഭാഗ്യം ആയി കാണുന്നത്, ഒരു നൂറ് വട്ടം കണ്ടിട്ടും ഇപ്പഴും കാണുമ്പോൾ ആ ഫ്രഷ്നെസ് ഉണ്ട്, ഇപ്പോള്‍ തീയറ്ററിലുള്ള ഒരു ചിത്രങ്ങള്‍ക്കും ലഭിക്കാത്തത്ര സ്വീകരണം ആയിരുന്നു ഇത്", എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയ പോസ്റ്റുകള്‍. അതേസമയം, വന്‍തിരക്ക് കാരണം മൂന്ന് ഷോകള്‍ കൂടി ആഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
രാത്രി ഏറെ വൈകി, വിജയ് ആശുപത്രിയിൽ, ദളപതിയ്ക്ക് എന്തുപറ്റിയെന്ന് ആരാധകർ, സംഭവം ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..