മോഹൻലാല്‍ നായകനായ  ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്നതിന്റെ ആവേശത്തിലുമാണ് പ്രേക്ഷകര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തെ വാനോളം പുകഴ്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാല്‍.

ഫിലിം മേക്കിംഗിനോടുള്ള പൃഥ്വിരാജിന്റെ പാഷൻ മനസ്സിലാക്കിയാണ് താൻ ചിത്രത്തില്‍ അഭിനയിക്കാൻ തയ്യാറായതെന്ന് മോഹൻലാല്‍ പറയുന്നു. സിനിമയില്‍ ഇത് എന്റെ നാല്‍പ്പതാം വര്‍ഷമാണ്. 350ലധികം സിനിമകള്‍ ചെയ്‍തു. സിനിമയെ മികച്ച രീതിയില്‍ മനസ്സിലാക്കിയതു മുതല്‍ സിനിമയെ സ്‍നേഹിക്കുന്നവരെ തിരിച്ചറിയാൻ എനിക്ക് കഴിയും.  പൃഥ്വിരാജിനൊപ്പം ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷേ പൃഥ്വിരാജിന്റെ ചെറുപ്പം മുതല്‍ എനിക്ക് അറിയാം. സിനിമ വലിയ ആവേശമാണ് അയാള്‍ക്ക്. പൃഥ്വിരാജ് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ അത് എനിക്ക് ചെയ്യാൻ കഴിയുമെന്ന് മനസ്സിലായി. അദ്ദേഹം അത് വിജയകരമായി മുന്നോട്ടുകൊണ്ടു പോകുകയും ചെയ്തു. ഒരു നടനെന്ന അനുഭവപരിചയത്തില്‍ ഞാൻ സിനിമയില്‍ വലിയ സന്തോഷവാനാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ സിനിമയിലെ എല്ലാ സിനിമകളും മികച്ച രീതിയില്‍ വന്നിട്ടുണ്ട്. മുരളി ഗോപിയേക്കാളും മികച്ച രീതിയില്‍ പൃഥിരാജ് ചിത്രം വിഭാവനം ചെയ്‍തിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന മികച്ച എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. ചിത്രം ചിത്രീകരിച്ച രീതിയും വ്യത്യസ്‍തമാണ്- മോഹൻലാല്‍ പറയുന്നു.