പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. ‘ഇരുവർ’ എന്ന ചിത്രത്തിൽ സരോജ് ഖാനൊപ്പം ജോലി ചെയ്ത പറ്റിയ അനുഭവം ഓർക്കുകയാണ് നടൻ മോഹൻലാൽ. “ഒരു ഇതിഹാസമായിരുന്നു സരോജ് ഖാൻജി, ‘ഇരുവറി’ലെ വെണ്ണില വെണ്ണില.. എന്ന ഗാനത്തിനു വേണ്ടി അവർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു,” എന്നാണ് മോഹൻലാൽ കുറിക്കുന്നത്.

പൃഥ്വിരാജും സരോജ് ഖാന് ആദരാഞ്ജലികൾ അർപ്പിച്ചു. നാല്‍പ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ ഹിന്ദി സിനിമയിലെ മികച്ച നൃത്ത രംഗങ്ങളില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാന്‍ കഴിഞ്ഞ സരോജ് മധുബാല മുതല്‍ ഐശ്വര്യ റായ് വരെയുള്ള മുന്‍നിരനായികമാർക്ക് വേണ്ടി നൃത്തസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 

മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു മരണം.കഴിഞ്ഞ ജൂണ്‍ 20നാണ് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സരോജ് ഖാനെ ബന്ദ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.