Asianet News MalayalamAsianet News Malayalam

'എമ്പുരാൻ' മലയാളത്തില്‍ മാത്രമായിരിക്കില്ല, മോഹൻലാല്‍- പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ

'എമ്പുരാന്റെ' പ്രഖ്യാപനവുമായി മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും.

Mohanlal Prithviraj Murali Gopy Antony Perumbavoor Empuraan announcement video
Author
Kochi, First Published Aug 17, 2022, 4:56 PM IST

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ'. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ വീണ്ടും നായകനാകുന്ന സിനിമ എന്നാണ് സംഭവിക്കുകയെന്ന് ആരാധകര്‍ ചോദിച്ചിട്ട് നാളുകളേറെയായി. ഇപ്പോഴിതാ 'എമ്പുരാൻ' എന്ന ചിത്രത്തിന് ഔദ്യോഗിക തുടക്കമാകുകയാണ്.  മോഹൻലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'എമ്പുരാ'ന്റെ പ്രഖ്യാപനം ഇന്ന് നടക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചിരുന്നു. വൈകുന്നേരം നാല് മണിക്ക് യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് 'എമ്പുരാന്റെ' പ്രഖ്യാപനം നടത്തിയത്. സംവിധായകൻ പൃഥ്വിരാജാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്.  ഇത് ഒരു ഇൻഫോമല്‍ കൂടിക്കാഴ്‍ചയാണ്. 'എമ്പുരാനെ' സംബന്ധിച്ചിടത്തോളം ഇതുപോലെ ഒരുപാട് ഇൻഫോമല്‍ കൂടിക്കാഴ്‍ചകള്‍ ഉണ്ടായിട്ടുണ്ട്.  20018ല്‍ 'ഒടിയന്റെ' സെറ്റില്‍ വെച്ച് 'ലൂസിഫറി'ന്റെ ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നിരുന്നു. ഇന്ന് മുതലാണ് 'ലൂസിഫര്‍' ഔദ്യോഗികമായി തുടങ്ങുന്നത് എന്ന് പറഞ്ഞ്. അത്തരത്തില്‍ 'എമ്പുരാന്റെ' ആദ്യത്തെ മീറ്റിംഗ് ആണ് ഇത്. എഴുത്ത് കഴിഞ്ഞു. ഷൂട്ടിംഗിന്റെ കാര്യങ്ങളിലേക്ക് നടക്കുന്നു. ആ പ്രൊസസിന്റെ ആദ്യത്തെ കൂടിക്കാഴ്‍ചയാണ്. നിങ്ങളുമായി ഇത് പങ്കുവയ്‍ക്കണമെന്ന് ആഗ്രഹിച്ചു. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നറാണ്.  മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷം. 'ലൂസിഫര്‍' എന്ന സിനിമയ്‍ക്ക് നിങ്ങള്‍ നല്‍കിയ വലിയ വിജയം കാരണം ഇത്തവണ കുറച്ചുകൂടി വലിയ രീതിയിലാണ് ഞങ്ങള്‍ കാണുന്നത്. എപ്പോള്‍ തിയറ്ററില്‍ എത്തും എന്നൊന്നും ഇപ്പോള്‍ പറയാൻ പറ്റുന്ന ഒരു സിനിമയല്ല. വരും ദിവസങ്ങളില്‍ സിനിമയുടെ വിശേഷങ്ങള്‍ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

സീക്വലാണോ പ്രീക്വലാണോ എന്ന് ഒരുപാട് ആള്‍ക്കാര്‍ ചോദിക്കാറുണ്ടെന്ന് മുരളി ഗോപി പറഞ്ഞു. മൂന്ന് ഭാഗങ്ങളുള്ള ഒരു സിനിമയുടെ സെക്കൻഡ് ഇൻസ്റ്റാള്‍മെന്റാണ് ഇത് കണ്‍സീവ് ചെയ്‍തിരിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു. 'എമ്പുരാനെ' കുറിച്ചുള്ള പ്രതീക്ഷകള്‍ മോഹൻലാലും പങ്കുവെച്ചു.  'ലൂസിഫര്‍' ഒരു അദ്ഭുത വിജയമായി മാറി. അതിന് ഒരുപാട് പരിശ്രമങ്ങളുണ്ട്. പ്രേക്ഷകര്‍ സ്വീകരിച്ച ഒരു രീതിയുണ്ട്. അപ്പോള്‍ അടുത്ത സിനിമ എന്ന് പറയുമ്പോള്‍ ഒരു കമിറ്റ്‍മെന്റുണ്ട്. അപ്പോള്‍ 'ലൂസിഫര്‍' എന്ന സിനിമയെ വെച്ച് ചിന്തിക്കുമ്പോള്‍ 'എമ്പുരാൻ' അതിന്റെ മുകളില്‍ നില്‍ക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ തുടങ്ങുകയാണ്. തീര്‍ച്ചയായും അങ്ങനെ തന്നെ സംഭവിക്കാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്. 'എമ്പുരാൻ' കഴിഞ്ഞാല്‍ അടുത്ത സിനിമ എന്താണ് എന്നാണ് നിങ്ങള്‍ ചോദിക്കാൻ പോകുന്നത്. നിങ്ങളുടെ പ്രതീക്ഷകളെ ഒരിക്കലും മങ്ങലേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്നും മോഹൻലാലും പറഞ്ഞു. മലയാളത്തില്‍ മാത്രമാകാൻ പാടില്ല  'എമ്പുരാൻ' എന്ന് തനിക്ക് വലിയ നിര്‍ബന്ധമുണ്ട് എന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.  ലാല്‍ സാറ് തമിഴ് സിനിമയില്‍ അഭിനയിച്ചു, തെലുങ്കില്‍ അഭിനയിച്ചു, അതുപോലെ ഒരു വലിപ്പത്തിലുള്ള  ഒരു സിനിമയെ മലയാളത്തില്‍  നിന്നുണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

'മോണ്‍സ്റ്റര്‍' എന്ന് ചിത്രമാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. വൈശാഖ് ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്‍തംബര്‍ അവസാനം പൂജ ഹോളിഡേയ്‍ക്ക് പ്രദര്‍ശനത്തിന് എത്തും. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള 'എലോണ്‍' എന്ന ചിത്രവും മോഹൻലാലിന്റേതായി റിലീസ് ചെയ്യാനുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ 'റാമിലാ'ണ് മോഹൻലാല് ഇപ്പോള്‍ അഭിനയിക്കുന്നത്.

Read More : 'സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു', നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

Follow Us:
Download App:
  • android
  • ios