ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായ അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് തിയേറ്ററില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിനെ സ്വാഗതം ചെയ്‍തു കൊണ്ട് മോഹൻലാലിന്റെ ലൂസിഫര്‍ ടീമും രംഗത്ത് എത്തി. സാമൂഹ്യമാധ്യമത്തിലൂടെയാണ് ലൂസിഫര്‍ ടീം  അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനെ സ്വാഗതം ചെയ്‍തത്. മോഹൻലാലിന്റെ ചിത്രമുള്ള ലൂസിഫര്‍ പോസ്റ്ററാണ് ഷെയര്‍ ചെയ്‍തത്.

‘അവഞ്ചേഴ്‌സ് എത്തിക്കഴിഞ്ഞു… സ്റ്റീഫനും; ലൂസിഫര്‍ തിയറ്ററുകളില്‍’ എന്നായിരുന്നു പോസ്റ്ററിന് അടിക്കുറിപ്പ്. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തച്ചു തകര്‍ത്ത കേരളീയന്റെ നാടന്‍ ചുറ്റിക’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം എന്ന പ്രത്യേകതയോടെയാണ് ലൂസിഫര്‍ തീയേറ്ററിലെത്തിയത്. ചിത്രം 150 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. മോഹൻലാലിന്റെ തന്നെ പുലിമുരുകനാണ് ആദ്യമായി 150 കോടി രൂപയിലധികം കളക്ഷൻ നേടിയ മലയാള ചിത്രം.