മാറ്റിനി നൗവും പ്രസാദ് കോർപ്പറേഷനും ചേർന്നാണ് ചിത്രത്തിന്‍റെ റെസ്റ്റൊറേഷൻ പൂർത്തിയാക്കിയത്

റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1996 ല്‍ പുറത്തെത്തിയ കാലാപാനി എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ഫിലിം ഫെയര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളത്തിലെ മറ്റ് പല ശ്രദ്ധേയ ചിത്രങ്ങളുടെയും 4കെ റെസ്റ്റൊറേഷന്‍ നടത്തിയ മാറ്റിനി നൗ പ്രസാദ് കോര്‍പറേഷനുമായി സഹകരിച്ചാണ് കാലാപാനി വീണ്ടും എത്തിക്കുന്നത്. ചിത്രത്തിന്‍റെ റെസ്റ്റൊറേഷന്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.

റിപബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യദിനത്തിലോ ആവും ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുക. ചിത്രം ബഹുഭാഷകളില്‍ പുറത്തിറക്കുന്നതിനുള്ള സാധ്യതയും അണിയറക്കാര്‍ ആലോചിക്കുന്നുണ്ട്. എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം ഇറങ്ങിയ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അത്ര വലിയ കാന്‍വാസിലുള്ള ചിത്രം മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് അന്ന് പുതുമയായിരുന്നു. മലയാളത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രിയദര്‍ശന്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍റെ വിജയമായിരുന്നു കാലാപാനിയുടെ എക്സിക്യൂഷന്‍. ടി ദാമോദരനും പ്രിയദര്‍ശനും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചത് പ്രണവം ആര്‍ട്സിന്‍റെ പേരില്‍ മോഹന്‍ലാലും ഷോഗണ്‍ ഫിലിംസിന്‍റെ പേരില്‍ ആര്‍ മോഹനും ചേര്‍ന്ന് ആയിരുന്നു.

സന്തോഷ് ശിവന്‍ ആയിരുന്നു ഛായാഗ്രഹണം. ഇളയരാജയുടേതായിരുന്നു സംഗീതം. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും കാലാതിവര്‍ത്തിയായി മലയാളികള്‍ മൂളുന്നു. ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന കലാസംവിധാനം നിര്‍വ്വഹിച്ചത് സാബു സിറിള്‍ ആയിരുന്നു. മോഹന്‍ലാലിനൊപ്പം പ്രഭു, തബു, അംരീഷ് പുരി, ടിന്നു ആനന്ദ്, വിനീത്, അന്നു കപൂര്‍, ശങ്കരാടി, നെടുമുടി വേണു, ഡെല്ലി ഗണേശന്‍, ശ്രീനിവാസന്‍, കൊച്ചിന്‍ ഹനീഫ, മണിയന്‍പിള്ള രാജു, ശ്രീനാഥ്, സുമ ജയറാം, കോഴിക്കോട് നാരായണന്‍ നായര്‍, പൂജപ്പുര രവി, കന്യ ഭാരതി തുടങ്ങിയവര്‍ക്കൊപ്പം നിരവധി വിദേശ അഭിനേതാക്കളും ചിത്രത്തില്‍ ഉണ്ടായിരുന്നു.

നാല് ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രം ഏഴ് സംസ്ഥാന പുരസ്കാരങ്ങളും വാരിക്കൂട്ടി. സന്തോഷ് ശിവനും സാബു സിറിളിനും ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ചിത്രം നേടിക്കൊടുത്തു. തിയറ്റര്‍ എക്സിപീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം കാണാന്‍ റീ റിലീസിലും ആളെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. അതേസമയം പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്‍റെ തന്നെ മറ്റൊരു ശ്രദ്ധേയ ചിത്രം തേന്മാവിന്‍ കൊമ്പത്തും റീ റിലീസിന് ഒരുങ്ങുന്നുണ്ട്. ചിത്രം ഈ മാസം എട്ടിന് തിയറ്ററുകളില്‍ എത്തും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming