മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണ് 'ഓളവും തീരവും'.

എം. ടി വാസുദേവൻ നായരുടെ(MT Vasudevan Nair) പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം 'ഓളവും തിരവും'(Olavum Theeravum) പൂർത്തിയായി. പ്രിയദർശൻ - മോഹൻലാൽ(Mohanlal) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഓളവും തീരവും'. ഷൂട്ടിം​ഗ് പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മോഹൻലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. 

1960ൽ എം.ടിയുടെ തന്നെ രചനയിൽ പി. എം മേനോൻ സംവിധാനം ചെയ്ത് ഇതേ പേരിൽ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. ജോസ് പ്രകാശ് അഭിനയിച്ച വില്ലൻ കഥാപാത്രം കുഞ്ഞാലിയായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. ഇത്തവണ മോഹൻലാലിന്റെ നായികയായി എത്തുന്നത് ദുർ​ഗ കൃഷ്ണയാണ്. 'ഓളവും തീരവും' എത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്. 

മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണ് 'ഓളവും തീരവും'. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ബാപ്പുട്ടിയായി പെരുമഴയത്ത് ചങ്ങാടം തുഴയുന്ന മോഹൻലാലിൻറെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. 

പിറന്നാള്‍ ദിനത്തില്‍ സെറ്റില്‍ എംടിയെത്തി, ആഘോഷമാക്കി മോഹന്‍ലാലും പ്രിയദര്‍ശനും

ഈ ആന്തോളജിയില്‍ മറ്റൊരു ചിത്രവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്. 'ശിലാലിഖിതം' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ബിജു മേനോന്‍ ആണ് ഇതിലെ നായകന്‍. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.