മൊറോക്കോയിലാണ് ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂള്‍

12 ത്ത് മാനിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് റാം. ദൃശ്യം 2 നു മുന്‍പേ പുറത്തെത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയതോടെ ജീത്തു മറ്റു ചിത്രങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ റാമിന്‍റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ലോകപ്രശസ്തമായ റാം എന്ന വാഹനനിര്‍മ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുന്‍പില്‍ നിന്നുള്ള സ്വന്തം ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒരാഴ്ചയ്ക്കു മുകളില്‍ ലണ്ടനിലെ ചിത്രീകരണം ബാക്കിയുണ്ട്. അതിനുശേഷം കേരളത്തില്‍ തിരിച്ചെത്തുന്ന മോഹന്‍ലാലും ജീത്തു ജോസഫും സംഘവും ഏതാനും ദിവസങ്ങള്‍ക്കു ശേഷം അടുത്ത ഷെഡ്യൂളിനായി മൊറോക്കോയിലേക്ക് പോകും. അവിടെ 40 ദിവസമാണ് ചിത്രീകരണം. വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ടീം ടുണീഷ്യയിലേക്ക് പുറപ്പെടും. അഞ്ച് ദിവസമാണ് ടുണീഷ്യയിലെ ചിത്രീകരണം. 

ALSO READ : മഞ്ജു വാര്യരെ നൃത്തം പഠിപ്പിക്കുന്ന പ്രഭുദേവ; 'ആയിഷ'യിലെ പാട്ടെത്തി

View post on Instagram

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ളത്. വൈശാഖിന്‍റെ മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്‍റെ എലോണ്‍, പ്രിയദര്‍ശന്‍റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജി ചിത്രത്തിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും, സ്വന്തം സംവിധാന അരങ്ങേറ്റം ബറോസ് എന്നിവയ്ക്കൊപ്പം വിവേക്, അനൂപ് സത്യന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളും മോഹന്‍ലാലിന്റേതായി പുറത്തെത്താനുണ്ട്. ലൂസിഫറിന്‍റെ രണ്ടാംഭാഗമായ എമ്പുരാന്‍ ആണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കേണ്ട മറ്റൊരു പ്രധാന പ്രോജക്റ്റ്.