രണ്ടാംഘട്ട വാക്സിനേഷന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്

കൊവിഡ് വാക്സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇന്ത്യാ ഗവണ്‍മെന്‍റിനും വാക്സിന്‍ നിര്‍മ്മാതാക്കളായ കമ്പനികള്‍ക്കും ആരോഗ്യമേഖലയ്ക്കും താന്‍ നന്ദി അറിയിക്കുകയാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വാക്സിന്‍ സ്വീകരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

രണ്ടാംഘട്ട വാക്സിനേഷന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ഈ മാസം ഒന്നിനാണ് രാജ്യത്തെ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്.

അതേസമയം താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസി'ന്‍റെ അവസാനഘട്ട പ്രീ-പ്രൊഡക്ഷന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോവുകയായിരുന്നു. ആദ്യ ഷെഡ്യൂള്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടക്കുമെന്നാണ് കരുതപ്പെടുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം ആറാട്ട്, പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്നിവയാണ് മോഹന്‍ലാലിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.