പുതുവർഷത്തിൽ മലയാളി സിനിമാ പ്രേമികൾക്ക് സർപ്രൈസ് നൽകിയ പ്രഖ്യാപനമായിരുന്നു ദൃശ്യം 2വിന്റെ ഒടിടി റിലീസ്. തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കാത്തിരുന്ന ചിത്രമാണ് ആമസോൺ പ്രൈം വഴി എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രം ഒടിടി റിലീസ് ആയി എത്തുന്നതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. 

ദൃശ്യം 2 നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വരുമെന്ന് കരുതുന്നുവെന്നും ടീസർ പുറത്തിറക്കിയതിനൊപ്പം മോഹൻലാൽ അഭിപ്രായപ്പെട്ടു‍‍.“ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലർ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. ‌ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്ത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. സ്നേഹത്തിന്റെ അധ്വാനമാണ് ദൃശ്യം. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ദൃശ്യം 2  വരുമെന്ന് കരുതുന്നു.നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.” എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

ദൃശ്യം 2 തീയേറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ഒടിടി റിലീസിലേക്ക് നീങ്ങുകയാണെന്നുമാണ് സംവിധായകനായ ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.