ഇട്ടിമാണി തിയേറ്ററില്‍ വിജയകരമായി മുന്നേറുന്നതിനിടെ പുതിയ ചിത്രം ബിഗ് ബ്രദറിന്‍റെ ലൊക്കേഷനില്‍ ഓണം ആഘോഷിച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാല്‍, സംവിധായകന്‍ സിദ്ദിഖ്, ചിത്രത്തിലെ താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സദ്യകഴിച്ചാണ് ആഘോഷം.

25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. 

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013) പുറത്തിറങ്ങി.