ത്ത് മാസത്തെ ഇടവേളയ്ക്കുശേഷം നാളെ തീയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രമാണ് ആദ്യം എത്തുന്ന സിനിമ.  ഇപ്പോഴിതാ ഇത്രയും കാലം പ്രേക്ഷകരെ രസിപ്പിച്ച ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനായി തീയറ്ററിലേക്ക് ജനങ്ങളെ ക്ഷണിക്കുകയാണ് മോഹന്‍ലാല്‍. വെള്ളം കാണാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 

മോഹൻലാലിന്റെ വാക്കുകൾ

നമസ്കാരം, ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തീയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തീയറ്ററുകള്‍ തുറക്കണം, പ്രേക്ഷകര്‍ സിനിമ കാണണം. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്, എത്രയോ പേര്‍ ജോലി ചെയ്യുന്ന വലിയ ഇന്‍ഡസ്ട്രി. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമ ഉണ്ടാക്കുന്നത്. ഒരു പാട് സിനിമകള്‍ ഇനി വരാനുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ തീയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വിനോദ വ്യവസായത്തെ രക്ഷിക്കണം. തീർച്ചയായും സിനിമ ഇന്‍ഡസ്ട്രിയെ രക്ഷിക്കണം. ഒരുപാട് വർഷങ്ങളായി ഇതിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലുള്ള എന്റെ അപേക്ഷയാണ്. 

'ക്യാപ്റ്റനു'ശേഷം പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്ട് ആണിത്. പേര് സൂചിപ്പിക്കുന്നതുപോലെ മദ്യാസക്തിയുള്ള ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. മുരളി നമ്പ്യാര്‍ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

കഴിഞ്ഞ വര്‍ഷം വിഷു റിലീസ് ആയി തീയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു.