'ദൃശ്യം 2' സിനിമയുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും. സ്വന്തം ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വച്ച് നടത്തിയ ആഘോഷത്തിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് നടത്തിയ ആഘോഷത്തിന്‍റെ ചിത്രം മോഹന്‍ലാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. നേരത്തെ ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് 'ദൃശ്യം 2' വിജയാഘോഷം നടത്തിയിരുന്നെങ്കിലും തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല.

ഫെബ്രുവരി 19ന് ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ദൃശ്യം 2 സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആണ്. 'ദൃശ്യം' പല ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നതിനാല്‍ ആ പ്രേക്ഷകരൊക്കെയും സീക്വല്‍ കണ്ടു എന്നതാണ് ഈ സ്കെയിലില്‍ ഉള്ള ഒരു വിജയം ചിത്രത്തിന് സാധ്യമാക്കിയത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാരവിഷയമാണ്.

അതേസമയം താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ അവസാനഘട്ട പ്രീ-പ്രൊഡക്ഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തിന്‍റെ ഗോവയില്‍ ആരംഭിക്കുന്ന ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആരംഭിക്കും. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ഭൂതത്തെയും മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ഒപ്പം ബിഗ് ബോസ് മലയാളം സീസണ്‍ 3ന്‍റെ വാരാന്ത്യ എപ്പിസോഡുകളില്‍ അവതാരകനായി എത്തുകയും വേണം അദ്ദേഹത്തിന്.