ഉപേക്ഷിച്ച ഒരു മോഹൻലാല്‍ സിനിമയിലെ രംഗം മറ്റൊന്നില്‍ ഉപയോഗിച്ച അപൂര്‍വതയും ഉണ്ട്.

നടൻ മോഹൻലാല്‍ പകര്‍ന്നാടിയ മിക്ക കഥാപാത്രങ്ങളും മലയാളികള്‍ ഏറ്റെടുത്തതാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ തരം കഥാപാത്രങ്ങളായി മോഹൻലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ മുമ്പ് കാര്‍ റേസറായുള്ള ചിതം തീരുമാനിക്കുകയും പിന്നീട് നിര്‍ണായകമായ ഒരു രംഗം ചിത്രീകരിക്കുകയും ആ ഭാഗങ്ങള്‍ മറ്റൊന്നിനു വേണ്ടി ഉപയോഗിക്കുകയും ചെയ്‍ത അപൂര്‍വ അനുഭവമുണ്ട് മോഹൻലാലിന്റെ സിനിമാ ജീവിതത്തില്‍. ഓസ്‍ട്രേലിയ എന്ന പേരിട്ട ഒരു ചിത്രമായിരുന്നു അങ്ങനെ മോഹൻലാല്‍ നായകനായതില്‍ ഉപേക്ഷിക്കപ്പെട്ടത്.

സ്‍പോര്‍ട്‍സ് ത്രില്ലറെന്ന വിശേഷണത്തോടെ മോഹൻലാല്‍ ചിത്രമായി പ്രഖ്യാപിച്ചതായിരുന്നു ഓസ്‍ട്രേലിയ. വേഗതയെ പ്രണയിക്കുന്ന യുവാവായിരുന്നു നായകൻ. വേഗതയെ ഭയക്കുന്ന നായികയും. ഇരുവരുടെയും മനോഹരമായ ഒരു പ്രണയവും ചിത്രത്തിന്റെ പ്രമേയമായിരുന്നു എന്നായിരുന്നു അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്.

മോഹൻലാല്‍ നായകനായ ഓസ്‍ട്രേലിയയുടെ കുറച്ച് ഭാഗങ്ങള്‍ അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ചിത്രീകരിച്ചത്. അക്കാലത്ത് പതിവില്ലാത്തതില്‍നിന്ന് വ്യത്യസ്‍തമായി ചിത്രത്തിനായി നാല് ക്യാമറയൊക്കെ വെച്ചാണ് ചിത്രീകരിച്ചത്. ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകൻ. അദ്ദേഹവുമൊരു സ്‍പോര്‍ട്‍സ് പ്രേമിയാണ്.

പിന്നീട് പല കാരണങ്ങളാല്‍ ആ ചിത്രം നടക്കാതെ പോകുകയായിരുന്നു. എന്നാല്‍ ഓസ്‍ട്രേലിയയ്‍ക്കായി ചിത്രീകരിച്ച ആ രംഗങ്ങള്‍ മോഹൻലാല്‍ നായകനായ ബട്ടര്‍ഫ്ലൈസിനായി സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്‍തു സംവിധായകൻ രാജീവ് അഞ്ചല്‍. ബട്ടര്‍ഫ്ലൈസിലെ നായകൻ റേസിംഗിന് പോകുന്ന രംഗമായിട്ടാണ് ഉപയോഗിച്ചത്. ബട്ടര്‍ഫ്ലൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ഓസ്‍ട്രേലിയയിലെ രംഗങ്ങള്‍ ഉപയോഗിച്ചത്. അത് വലിയ വിജയമായി. ബട്ടര്‍ഫ്ലൈസിന് അനുയോജ്യമായി ഒരു രംഗമായി തന്നെ അത് മാറി. ഉപേക്ഷിക്കപ്പെട്ടെങ്കിലും ഓസ്‍ട്രേലിയ മലയാള സിനിമയുടെ ഭാഗമായി ബട്ടര്‍ഫ്ലൈസിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത് അന്ന് അപൂര്‍വ സംഭവമായി.

Read More: ആ തീവ്രത നോട്ടത്തിലാവാഹിച്ച് പൃഥ്വിരാജ്, ഇതാ ഞെട്ടിക്കുന്ന ലുക്ക് പുറത്ത്, റിലീസിനൊരുങ്ങി ആടുജീവിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക