മോഹന്‍ലാല്‍ എത്തുന്നത് ടാക്സി ഡ്രൈവറുടെ റോളില്‍

സിനിമാപ്രേമികള്‍ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എല്‍ 360 എന്നാണ് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി എന്നതാണ് അത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണത്തിനായി അവസാനമായത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

"99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍", എന്നാണ് ലൊക്കേഷനില്‍ നിന്നുള്ള പാക്കപ്പ് ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. നവംബര്‍ 8 ന് ഒരു അപ്ഡേറ്റ് എത്തുമെന്നും പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. 

ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 

ALSO READ : മലയാളത്തിലെ ദീപാവലി റിലീസ്; 'ഓശാന' പ്രദര്‍ശനം ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം