മോഹൻലാല്‍ നായകനാകുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 

മോഹൻലാല്‍ (Mohanlal) നായകനായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രമാണ് 'ബ്രോ ഡാഡി' (Bro Daddy). പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ചിത്രം ഡിസ്‍നി + പ്ലസ് ഹോട് സ്റ്റാറിലാണ് പ്രദര്‍ശനത്തിന് എത്തുക. 'ബ്രോ ഡാഡി'യെന്ന ചിത്രത്തിന്റെ ഫോട്ടോകളടക്കമുള്ളവ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'ബ്രോ ഡാഡി' ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.

മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായിട്ടാണ് 'ബ്രോ ഡാഡി'യില്‍ അഭിനയിക്കുന്നത്. ഒരു ഇരിപ്പിടം വിട്ട് ഇരിക്കുന്ന മോഹൻലാലിനെയും പൃഥ്വിരാജിനെയുമാണ് പോസ്റ്റററില്‍ കാണാനാകുന്നത്. സാമൂഹിക അകലം പാലിച്ചിക്കുന്നതുപോലെയാണ് ഇരുവരെയും ഫോട്ടോയില്‍ കാണുന്നത് എന്ന് ചുരുക്കം. ഇക്കാര്യം എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും കൊവിഡ് കാലത്ത് ഒറ്റനോട്ടത്തില്‍ അങ്ങനെയാണ് തോന്നുകയെന്നതിനാലും പോസ്റ്റര്‍ വൻ ഹിറ്റാകുകയാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദര്‍ശനാണ്.