കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം 'സലാറി'ന്‍റെ പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ച ഒന്നായിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ബാഹുബലി' സ്റ്റാര്‍ പ്രഭാസ് ആണ് നായകന്‍. ചിത്രത്തിന്‍റെ പേര് 'സലാര്‍'. ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ മലയാളി പ്രേക്ഷകരില്‍ വലിയ കൗതുകം സൃഷ്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരികയാണ്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്ത.

'സലാര്‍' എന്ന വാമൊഴി പ്രയോഗം പേരാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് 'കമാന്‍ഡര്‍ ഇന്‍ ചീഫ്', 'ഒരു രാജാവിന്‍റെ വലംകൈ', എന്നൊക്കെയാണ് പ്രശാന്ത് നീല്‍ അര്‍ഥം പറഞ്ഞത്. പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്‍ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഹണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സാധ്യതയേക്കാളുപരി ഈ വേഷത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും എത്തും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് വാഗ്‍ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു. പ്രഭാസിനെപ്പോലെ പാന്‍ ഇന്ത്യന്‍ അപ്പീലുള്ള മുന്‍നിര നായകനൊപ്പം പ്രധാന വേഷത്തില്‍ മോഹന്‍ലാല്‍ കൂടി എത്തുമ്പോള്‍ ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യതയിലാണ് നിര്‍മ്മാതാക്കളുടെ കണ്ണ്. 

അതേസമയം സലാറിനൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം 'രാധേ ശ്യാം', നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് സലാര്‍ കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍. ഇവയെല്ലാം ബിഗ് ബജറ്റുകളാണ്. ഈ മൂന്ന് ചിത്രങ്ങളുടെ മുതല്‍മുടക്ക് മാത്രം 1000 കോടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.