മോഹന്‍ലാലിന്‍റെ ലൂസിഫര്‍ തെലുങ്കില്‍ എത്തുമ്പോള്‍ നായകന്‍ ചിരഞ്ജീവിയാണ്

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. നിരവധി സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചിരഞ്ജീവിയുമായി അടുത്ത സൌഹൃദബന്ധം സൂക്ഷിക്കുന്ന മോഹന്‍ലാലും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. 

ചിരഞ്ജീവി ഗാരുവിന് വളരെ സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു. എല്ലായ്പ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാനാവട്ടെ, മോഹന്‍ലാല്‍ ട്വീറ്റ് ചെയ്‍തു. അതേസമയം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് എത്തിയ ചിരഞ്ജീവി ചിത്രങ്ങളുടെ രണ്ട് അപ്ഡേറ്റുകളില്‍ ഒന്ന് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദറിന്‍റേത് ആയിരുന്നു. തെലുങ്ക് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസര്‍ ആണ് ഇന്നലെ പുറത്തെത്തിയത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്.

Scroll to load tweet…

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ടീസറിന് വലിയ സ്വീകരണം ലഭിച്ചപ്പോള്‍ ലൂസിഫര്‍ ഇഷ്ടപ്പെടുന്ന മലയാളികളില്‍ നിന്നും നെഗറ്റീവ് കമന്‍റുകളാണ് ടീസറിന് ലഭിച്ചത്.

ALSO READ : 'സ്റ്റീഫന്‍റെ തട്ട് താണുതന്നെയിരിക്കും'; 'ഗോഡ്‍ഫാദര്‍' ടീസര്‍ ട്രോളില്‍ മുക്കി 'ലൂസിഫര്‍' ആരാധകര്‍

ഒപ്പം മറ്റൊരു ചിരഞ്ജീവി ചിത്രത്തിന്‍റെ റിലീസ് തീയതിയും ഇന്നലെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മെഹര്‍ രമേശ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ഭോലാ ശങ്കര്‍ ആണിത്. 2023 ഏപ്രില്‍ 14 ന് ആണ് പുറത്തെത്തുന്ന ചിത്രം അജിത്ത് നായകനായ വേതാളത്തിന്‍റെ റീമേക്ക് ആണ്.