77-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ പ്രിയനേതാവിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

"77ന്‍റെ നിറവില്‍ നില്‍ക്കുന്ന ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന് ജന്മദിന ആശംസകള്‍. ഈയൊരു സുദിനത്തില്‍ മാത്രമല്ല, എന്നുമെന്നും അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന്‍ കനിഞ്ഞുനല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍", ലഘുവീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

നിയമസഭയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ 77-ാം പിറന്നാള്‍ ദിനവും എത്തുന്നത്. പതിവുപോലെ കാര്യമായ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഈ പിറന്നാള്‍ ദിനവും. പുതുപ്പള്ളി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന തിരുവനന്തപുരത്തെ വീട്ടിലാണ് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം. കൊവിഡ് കാലമായതിനാല്‍ ഫോണില്‍ വിളിച്ചും വീഡിയോ കോളിലൂടെയും മറ്റുമാണ് പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും മറ്റ് അഭ്യുദയകാംക്ഷികളും ആശംസകള്‍ നേരുന്നത്. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.